കോഴിക്കോട്: നൂറ്റാണ്ടുകളായി അറബ് നാടുകളുമായി സുദൃഢമായ വ്യാപാര – വാണിജ്യ – സാംസ്‌കാരിക ബന്ധം നിലനിര്‍ത്തിപ്പോരുന്ന കോഴിക്കോടിന്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ് വിദ്യാര്‍ഥികളുടെ പഠനയാത്ര ശ്രദ്ധേയമായി. ഒരാഴ്ചക്കാലത്തെ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പ്രൊഫഷണല്‍ അറബി ഭാഷാ പരിശീലനത്തിന് വേണ്ടി മാങ്കാവില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി ഓഫ് എക്‌സലന്‍സില്‍ എത്തിച്ചേര്‍ന്ന തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ തിരുച്ചിറപ്പള്ളി ജമാല്‍ മുഹമ്മദ് കോളേജിലെ 35 വിദ്യാര്‍ത്ഥികള്‍ക്ക് സിയസ്‌കോ ഭാരവാഹികള്‍ കുറ്റിച്ചിറയില്‍ സ്വീകരണം നല്‍കി. കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും അനാവരണം ചെയ്തുകൊണ്ട് സംഘടിപ്പിച്ച ഇന്‍ഡോ അറബ് ഹെറിറ്റേജ് വാക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. സിയസ്‌കോ ലൈബ്രറി, എജ്യുക്കേഷന്‍ വിങ്ങുകളുടെ സഹകരണത്തോടെ അക്കാദമി ഓഫ് എക്‌സലന്‍സ്, ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക് കോളേജ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. സിയസ് കൊ ജനറല്‍ സെക്രട്ടറി എം.വി. ഫസല്‍ റഹ്‌മാന്‍ , റൗസത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: ഷഹദ് ബിന്‍ അലി, സെകട്ടറി സി.പി.എം.സഈദ് അഹമ്മദ് , അക്കാദമി ഓഫ് എക്‌സലന്‍സ് ഡയറക്റ്റര്‍ ഡോ: സി എം സാബിര്‍ നവാസ് ,സലാം കല്ലായി ,എസ്.സര്‍ഷാര്‍ അലി, ആദം കാതിരിയകം, സാബി തെക്കേപ്പുറം, പ്രൊഫ.സി.കെ.ഉസ്മാന്‍ ,ഡോ.കെ. അബൂബക്കര്‍, അഡ്വ.പി.എന്‍.റഷീദ് അലി, എസ്.എഖുദ്‌സി എന്നിവര്‍ പ്രസംഗിച്ചു. കുറ്റിച്ചിറ മിഷ്‌കാല്‍ മസ്ജിദ്, മുച്ചുന്തി മസ്ജിദ്, ജമാഅത്ത് പള്ളി, ഖാദി ഹൗസ്, കുറ്റിച്ചിറ കുളം എന്നിവ സന്ദര്‍ശിച്ചു.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്ര രേഖകളും കയ്യെഴുത്ത് ഗ്രന്ഥങ്ങളും അന്താരാഷ്ട്ര തലത്തില്‍ അക്കാദമിക ഗവേഷണത്തിന് വിധേയയമാക്കണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. കേരളവും തമിഴ്‌നാടും തമ്മില്‍ പുരാതനകാലത്ത് നിലനിന്നിരുന്ന കലാസാംസ്‌കാരിക രംഗത്തുള്ള ആദാന പ്രദാന രീതികള്‍ പുനരാവിഷ്‌കരിക്കാന്‍ പുതിയ തലമുറയിലെ ഗവേഷകര്‍ തയ്യാറാകണം. യുനെസ്‌കോ സാഹിത്യ നഗരം എന്ന പദവി കരസ്ഥമാക്കിയ കോഴിക്കോട് പൈതൃക നഗരം എന്ന ഇരട്ടപദവി കൂടി അര്‍ഹിക്കുന്നുണ്ട് – സംഗമം വിലയിരുത്തി.
കോഴിക്കോടിന്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ് വിദ്യാര്‍ഥികള്‍ കുറ്റിച്ചിറയില്‍