ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദാനിക്കെതിരായ കേസിനെക്കുറിച്ച് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് അമര്‍ഷവും, അതൃപ്തിയും പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച വ്യക്തികളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതല്ലെന്നും മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പ്രധാന മന്ത്രി നരേന്ദ്രമോദിയും വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മോദിയുടെ പ്രതികരണം.
മോദിയുടെ മറുപടിക്ക് മറു ചോദ്യവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചതും, അഴിമതിയും എങ്ങിനെ വ്യക്തിപരമായ വിഷയമാകുമെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി ചങ്ങലക്കിട്ട് നാട് കടത്തിയ സംഭവത്തിലും പ്രധാനമന്ത്രി മോദി ട്രംപിനോട് പ്രതികരണമറിയിച്ചോ എന്നതിലും വ്യക്തതയില്ല. ഇന്ത്യക്ക് തീരുവ ചുമത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെതിരെയും മോദി പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.