നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെങ്കില്‍ കര്‍ശന നടപടി;ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍

നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെങ്കില്‍ കര്‍ശന നടപടി;ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ച സംഭവത്തില്‍ നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചോയെന്നു പരിശോധിക്കും. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നെ്് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി പറഞ്ഞു.ഇന്ന് രാവിലെ ക്ഷേത്ര പരിസരംസന്ദര്‍ശിക്കവെയായിരുന്നു കണ്‍സര്‍വേറ്ററുടെ പ്രതികരണം. ഭഗവതി ക്ഷേത്രപരിസരം സന്ദര്‍ശിച്ചശേഷം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രാവിലെ തന്നെ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനു സമര്‍പ്പിക്കും.എഡിഎമ്മുമായി കൂടിയാലോചിച്ചാണു റിപ്പോര്‍ട്ട് തയാറാക്കുക എന്നും വൈകിട്ടോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്നാണു ജീവനക്കാരുടെ മൊഴി. വിശദപരിശോധന നടക്കുകയാണ്. 2 ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചോയെന്നു പരിശോധിക്കും. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കും.ക്ഷേത്രത്തിലെ പരിശോധനയ്ക്കു ശേഷം കീര്‍ത്തി പരുക്കേറ്റവരെ ആശുപത്രിയിലും സന്ദര്‍ശിച്ചു.

എന്നാല്‍ കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിച്ചതില്‍ വീഴ്ചയില്ലെന്ന നിഗമനത്തിലാണു ദേവസ്വം ബോര്‍ഡ് അധികൃതര്‍. ക്ഷേത്ര പരിസരത്ത് പടക്കം പൊട്ടിച്ചിട്ടില്ല. ആളുകളെ നിയന്ത്രിക്കുന്നതിന് വടം ഉള്‍പ്പെടെ വലിച്ചുകെട്ടിയിരുന്നു. ആനയും ആളുകളും തമ്മില്‍ ആവശ്യത്തിന് അകലം പാലിച്ചിരുന്നുവെന്നുമാണ് ക്ഷേത്ര ഭാരവാഹികളുടെ അഭിപ്രായം.

ഉത്സവ നടത്തിപ്പില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നു ക്ഷേത്ര കമ്മിറ്റി അംഗം സി.ഉണ്ണി പറഞ്ഞു. ”നേരത്തേ 6 ആനകളെ എഴുന്നള്ളിച്ചിരുന്ന ക്ഷേത്രമാണിത്. ഇന്നലെ 2 ആനകള്‍ക്കിടയില്‍ മതിയായ അകലം പാലിച്ചിരുന്നു. സാധാരണ മാലപ്പടക്കം മാത്രമാണു പൊട്ടിച്ചത്. എല്ലാ രേഖകളും കയ്യിലുണ്ട്. ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്” ഉണ്ണി വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി കൊയിലാണ്ടി നഗരസഭയില്‍ സര്‍വകക്ഷിയോഗം പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഭാഗികമാണ്. 9 വാര്‍ഡുകളിലാണു ഹര്‍ത്താല്‍. മരിച്ച 3 പേരുടെയും പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും.

ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ കുറുവങ്ങാട് വെട്ടാംകണ്ടി താഴെക്കുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), വടക്കയില്‍ രാജന്‍ (68) എന്നിവരാണു മരിച്ചത്. 32 പേര്‍ക്കു പരുക്കേറ്റു; 8 പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 6ന് ഉത്സവത്തിനിടെ പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ക്ഷേത്രത്തില്‍ പടക്കം പൊട്ടിച്ച ശബ്ദം കേട്ടു വിരണ്ട പീതാംബരന്‍, ഗോകുലിനെ കുത്തി. ഇതോടെ 2 ആനകളും പരിഭ്രാന്തരായി ഉത്സവപ്പറമ്പിലൂടെ ഓടി. സ്ഥലത്തുണ്ടായിരുന്ന ആളുകളും ചിതറിയോടിയപ്പോഴാണു ദുരന്തമുണ്ടായത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും ദേവസ്വം ഓഫിസും ആനകള്‍ തകര്‍ത്തിരുന്നു.

 

 

 

നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെങ്കില്‍
കര്‍ശന നടപടി;ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍Forests

 

 

Share

Leave a Reply

Your email address will not be published. Required fields are marked *