ജറുസലം: കഴിഞ്ഞ 15 മാസത്തെ അതിരൂക്ഷമായതും, ലോക ചരിത്രത്തില്‍ സമാനതകളില്ലാത്തതുമായ യുദ്ധത്തിന് സാക്ഷ്യം വഹിച്ച ഗാസയില്‍ ജനുവരി 19നാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ വെടി നിര്‍ത്തല്‍ ലംഘിച്ചു എന്ന് ഹമാസും, ഇസ്രയേലും പരസ്പരം ആരോപിക്കുകയും, ഈ പശ്ചാത്തലത്തില്‍ ഹമാസ് കസ്റ്റഡിയിലുള്ള ഇസ്രയേലി ബന്ദികളെ വിട്ടുകൊടുക്കുന്നത് നീട്ടിവെക്കുകയാണെന്ന് ഹമാസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌കൊണ്ടാണ് ബന്ദികളെ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതെന്നാണ് ഹമാസിന്റെ നിലപാട്. ഇതോടെ പ്രകോപിതരായ ഇസ്രയേല്‍ അടിയന്തിര മന്ത്രിസഭ യോഗം ചേരുകയും ശനിയാഴ്ച 12 മണിക്ക് മുമ്പ് ബന്ദികളെ വിട്ടുകൊടുത്തില്ലെങ്കില്‍ ഗാസയെ നരകതുല്ല്യമാക്കുമെന്ന് ട്രംപും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബന്ദിമോചനമുണ്ടായില്ലെങ്കില്‍ അതിരൂക്ഷമായ മറ്റൊരു യുദ്ധത്തിന് ഇസ്രയേല്‍ തയ്യാറാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കില്‍ വെടി നിര്‍ത്തല്‍ അവസാനിപ്പിച്ച് ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പറഞ്ഞു. ആക്രമണം ആരംഭിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഗസയിലെ ജനലക്ഷങ്ങള്‍ അതിഭയങ്കരമായ ദുരന്തത്തിലാകുമെന്നതില്‍ സംശയമില്ല.
ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് താങ്ങാന്‍ ഗാസയിലെ ജനങ്ങള്‍ക്കാവില്ല. യഥാര്‍ത്ഥത്തില്‍ ഇതിനെ തടയാന്‍ ലോക രാജ്യങ്ങള്‍ക്ക് ശേഷിയോ, കഴിവോ ഇല്ല. അറബ്, യൂറോപ്യന്‍ യൂണിയനുകള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്.