വത്തിക്കാന്‍: അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ രാജ്യങ്ങളുടേയും, പൗരന്മാരുടെയും അന്തസ്സ് പരിഗണിക്കാതെ മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയില്‍ നിന്ന് നിഷ്ഠൂരമായി കുടിയേറ്റക്കാരെ നാടുകടത്തിയ ട്രംപിന് പിന്നാലെ യു.കെയും. ബ്രിട്ടനില്‍ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ വ്യാപകമായ പരിശോധനയാണ് ആരംഭിച്ചിട്ടുള്ളത്. 2025 ജനുവരിയില്‍ 825 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 609 പേര് അറസ്റ്റിലായിട്ടുണ്ട്. ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുറ്റവാളികളുള്‍പ്പെടെ 1900 അനധികൃത കുടിയേറ്റക്കാരെയാണ് നാടുകടത്തിയതെന്ന് യു.കെ.ആഭ്യന്തര മന്ത്രി യെബറ്റ് കൂപ്പര്‍ പറഞ്ഞു.
ട്രംപിന്റെ മനുഷ്യത്വ രഹിതമായ നടപടികളില്‍ പ്രതിഷേധിച്ച് മാര്‍പ്പാപ്പ രംഗത്തെത്തി. ട്രംപിന്റെ നടപടികളില്‍ നിശിതമായി വിമര്‍ശിച്ച് യുഎസിലെ ബിഷപ്പുമാര്‍ക്ക് മാര്‍പ്പാപ്പ കത്തയച്ചിരിക്കുകയാണ്. നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം ബലം പ്രയോഗിച്ച് നാടുകടത്തുന്നത് അവരവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുമെന്നും മോശമായി കലാശിക്കുമെന്നും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. ഭരണകൂടങ്ങളുടെ ഇത്തരം നടപടികള്‍ ദുര്‍ബല വിഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി ഇന്ത്യയിലെത്തിച്ച ട്രംപിനെതിരെ മോദി പ്രതികരിക്കാത്തതും രാജ്യത്തിന്റെ അന്തസ്സ് ഉയര്ത്തിപ്പിടിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.