തിരുവനന്തപുരം: അനുവാദമില്ലാതെ സംസാരിച്ചാല്‍ മന്ത്രിയായാലും മൈക്ക് തരില്ലെന്ന് സ്പീക്കര്‍ എം.എന്‍.ഷംസീര്‍. സ്പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയ എക്സൈസ് മന്ത്രി എം.ബി. രാജേഷിനോടായിരുന്നു സഭയില്‍ സ്പീക്കറുടെ ശാസന. സംസ്ഥാനത്തു ലഹരി ഉപയോഗം വര്‍ധിക്കുന്നതും അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്‍കിയതും സ്പീക്കറെ ചൊടിപ്പിച്ചു.
പരസ്പരമുള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നു സ്പീക്കര്‍ പറഞ്ഞു. ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്ന മുന്നറിയിപ്പും നല്‍കി. ഇതോടെ മന്ത്രി രാജേഷ് ക്ഷമ പറഞ്ഞു. ക്ഷമയുടെ കാര്യമല്ല, ഇനി മുതല്‍ അനുസരിക്കണം എന്നായിരുന്നു സ്പീക്കറുടെ മറുപടി.
അതേസമയം, ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്‌കൂളുകളില്‍ നടപ്പാകുന്നില്ലെന്ന യു.പ്രതിഭ എംഎല്‍എയുടെ കുറ്റപ്പെടുത്തലും ശ്രദ്ധേയമായി.
അനുവാദമില്ലാതെ സംസാരിച്ചാല്‍ മന്ത്രിക്കും മൈക്ക് തരില്ല:ശാസിച്ച് സ്പീക്കര്‍