പി.ടി.നിസാര്‍
കോഴിക്കോട്: 2010ല്‍ 34,000 പ്രൈവറ്റ് ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സംസ്ഥാനത്ത് ഇന്ന് 7000 പ്രൈവറ്റ് ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നതെന്നും ഈ മേഖല അനുദിനം പിന്നോക്കം പോകുകയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജന.സെക്രട്ടറി ഹംസ എരിക്കുന്നേന്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. ചെലവുകള്‍ വര്‍ദ്ധിച്ചതും അതിനനുസരിച്ച് വരുമാനം ലഭിക്കാത്തതിനാലും ഈ മേഖലയില്‍ തൊഴിലെടുത്തിരുന്നവര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയും യാത്രക്കാരില്‍ 50% വരുന്ന വിദ്യാര്‍ത്ഥികളുടെ കണ്സക്ഷന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യാതെ പിടിച്ചു നില്‍ക്കാനാവില്ല. സ്പെയര്‍പാര്‍ട്സുകള്‍, പെട്രോള്‍ എന്നിവയടക്കമുള്ളവയുടെ വിലക്കയറ്റം താങ്ങാനാവുന്നില്ല. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ അനാവശ്യ പിഴ ചുമത്തി ഈ മേഖലയെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം. സര്‍വ്വീസ് മേഖല എന്ന നിലയ്ക്ക് ടാക്സ്, ഡീസല്‍, സബ്സിഡി ഏര്‍പ്പെടുത്താന്‍ തയ്യാറാവണം. വര്‍ഷങ്ങളായി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുുകളുടെ പെര്‍മിറ്റുകള്‍ ദൂര പരിധി നോക്കാതെ പുതുക്കി നല്‍കണം. തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയും നിസ്സാര കാര്യത്തിന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന കിരാത നടപടി അവസാനിപ്പിക്കണം. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടി കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ബസ്സുടമകളും, തൊഴിലാളികളും ഈ മാസം 25ന് കോഴിക്കോട് മുതലക്കുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എം.കെ.രാഘവന്.എം.പി ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍ ഫെഡറേഷന് സംസ്ഥാന ഭാരവാഹികള്‍ സംഗമത്തില്‍ സംസാരിക്കും. സംഗമത്തിന്റെ ഭാഗമായി സ്റ്റേഡിയം പരിസരത്തു നിന്ന് ആയിരക്കണക്കിന് പേര് പങ്കെടുക്കുന്ന പ്രകടനം മുതലക്കുളത്ത് സമാപിക്കും.
പ്രൈവറ്റ് ബസ് വ്യവസായത്തെ സംരക്ഷിക്കണം