ആംആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് വോട്ടുകള്‍

ആംആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് വോട്ടുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് വോട്ടുകള്‍. നേരിയ ഭൂരിപക്ഷത്തിന് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ച പലസീറ്റുകളിലും ആംആദ്മി സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണമായത് കോണ്‍ഗ്രസ് നേടിയ വോട്ടുകള്‍ ഏറെ നിര്‍ണായകമായി. തിരഞ്ഞെടുപ്പില്‍ ഒരൊറ്റസീറ്റില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാനായില്ലെങ്കിലും ആംആദ്മിയുടെ പരാജയം ഉറപ്പിക്കാന്‍ അവര്‍ക്കായി.

സംഗംവിഹാര്‍ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ചന്ദന്‍കുമാര്‍ ചൗധരിയുടെ വിജയം വെറും 344 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ചന്ദന്‍കുമാര്‍ ചൗധരി 54049 വോട്ടുകള്‍ നേടിയപ്പോള്‍ ആംആദ്മി സ്ഥാനാര്‍ഥി ദിനേശ് മൊഹാനിയക്ക് 53705 വോട്ടുകളാണ് കിട്ടിയത്. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍ഷ് ചൗധരി 15863 വോട്ടുകള്‍ നേടി. ഈ വോട്ടുകളാണ് മണ്ഡലത്തില്‍ ആംആദ്മിക്ക് തിരിച്ചടിയായത്.

ആംആദ്മി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്റെ പരാജയത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയ വോട്ടുകള്‍ നിര്‍ണായകമായി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ് രിവാളിനെ 4089 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയായ പര്‍വേഷ് സാഹിബ് സിങ് പരാജയപ്പെടുത്തിയത്. ബി.ജെ.പി.ക്ക് 30088 വോട്ട് ലഭിച്ചപ്പോള്‍ അരവിന്ദ് കെജ് രിവാളിന് 25999 വോട്ടാണ് കിട്ടിയത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സന്ദീപ് ദീക്ഷിത് 4568 വോട്ട് നേടി.

പല മണ്ഡലങ്ങളിലും ബിജെപി നേടിയ നേരിയ ഭൂരിപക്ഷത്തിനും കാരയമം കോണ്‍ഗ്രസാണ്.രജീന്ദര്‍നഗര്‍ മണ്ഡലത്തില്‍ 1231 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി ഉമാങ് ബജാജിന്റെ വിജയം. ആംആദ്മി സ്ഥാനാര്‍ഥി ദുര്‍ഗേഷ് പഥക് ആണ് ഇവിടെ രണ്ടാമത്തെത്തിയത്. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനീത് യാദവ് 4015 വോട്ട് സ്വന്തമാക്കി.ത്രിലോക്പുരി സീറ്റില്‍ വെറും 392 വോട്ടിനാണ് ആംആദ്മി സ്ഥാനാര്‍ഥി ബി.ജെ.പി.യോട് പരാജയപ്പെട്ടത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയ 6147 വോട്ടുകളാണ് ആംആദ്മിയുടെ പരാജയത്തിലേക്ക് നയിച്ചത്.മാളവിയനഗറില്‍ 2131 വോട്ടിനായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി സതീഷ് ഉപാധ്യായയുടെ വിജയം. കനത്ത പോരാട്ടം നടന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സ്വന്തമാക്കിയതാകട്ടെ 6770 വോട്ടുകളാണ്.

ജംഗ്പുരയില്‍ വെറും 675 വോട്ടുകള്‍ക്കാണ് മുന്‍ ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയ പരാജയപ്പെട്ടത്. ബി.ജെ.പി. സ്ഥാനാര്‍ഥി തര്‍വീന്ദര്‍ സിങ് മര്‍വായാണ് മനീഷ് സിസോദിയയെ അട്ടിമറിച്ചത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയ 7350 വോട്ടുകള്‍ മനീഷ് സിസോദിയയുടെ പരാജയം ഉറപ്പുവരുത്തുകയായിരുന്നു.ഗ്രേറ്റര്‍ കൈലാഷിന്‍ 3188 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പി. വനിതാനേതാവ് ശിഖ റോയിയുടെ വിജയം. ആംആദ്മിയുടെ സൗരഭ് ഭരദ്വാജിനെയാണ് ശിഖ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഗര്‍വീത് സിങ്വി ആകെ 6711 വോട്ടുകള്‍ നേടി. ഈ വോട്ടുകള്‍ ആംആദ്മിയുടെ തോല്‍വിയില്‍ വലിയ പങ്കുവഹിച്ചു. ഈ മണ്ഡലങ്ങള്‍ക്ക് പുറമേ ബദ്ലി, നംഗോള ജാട്ട് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് നേടിയ വോട്ടുകളാണ് ആംആദ്മിക്ക് തിരിച്ചടിയായത്.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടാണ ആംആദ്മിയും കോണ്‍ഗ്രസും ് ഡല്‍ഹിയില്‍ മത്സരിച്ചത്. ആംആദ്മി നാലുസീറ്റുകളിലും കോണ്‍ഗ്രസ് മൂന്നുസീറ്റുകളിലും മത്സരിച്ചു. എന്നാല്‍, ഡല്‍ഹിയിലെ ഏഴുലോക്സഭ സീറ്റുകളിലും ബി.ജെ.പി.യ്ക്കായിരുന്നു വിജയം. പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി നേതാക്കള്‍ അന്നേ വ്യക്തമാക്കിയിരുന്നു.

2011ല്‍ അണ്ണാ ഹസാരെ ആരംഭിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ ഡല്‍ഹി കേന്ദ്രമാക്കി 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി രംഗത്തെത്തി. അന്ന് 70 സീറ്റുകളില്‍ 28 സീറ്റ് നേടി മറ്റു പാര്‍ട്ടികളെ അമ്പരിപ്പിച്ചു. അന്ന് കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ എഎപിയുടെ ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല. 2015 ല്‍ വീണ്ടും പാര്‍ട്ടി ഭരണത്തിലെത്തി. അതോടെ ഡല്‍ഹി കോണ്‍ഗ്രസ്സില്‍ നിന്നും വഴുതി മാറി. തുടര്‍ന്ന് 2020-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി ഡല്‍ഹിയില്‍ ഭരണത്തിലെത്തിയത്. ബി.ജെ.പി. എട്ട് സീറ്റുകളും നേടി. യഥാക്രമം 53.57%. 38.51% എന്നിങ്ങനെയായിരുന്നു ഇരുപാര്‍ട്ടികളുടെയും വോട്ടുവിഹിതം. 2020-ല്‍ 4.26% ആയിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം.

2025-ലെ തിരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ വോട്ടുവിഹിതം 43.77%-ലേക്ക് കൂപ്പുകുത്തി. എന്നാല്‍, ബി.ജെ.പി.യും കോണ്‍ഗ്രസും വോട്ടുവിഹിതം വര്‍ധിപ്പിച്ചു. ബി.ജെ.പി.ക്ക് 45.76% വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 6.37%-ലേക്കും ഉയര്‍ന്നു.

 

 

ആംആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം
കോണ്‍ഗ്രസ് വോട്ടുകള്‍

Share

Leave a Reply

Your email address will not be published. Required fields are marked *