കോഴിക്കോട് : ‘തണ്ണീര്‍ത്തടങ്ങളും ജനങ്ങളും’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ദര്‍ശനം ഗ്രന്ഥശാല പ്രവര്‍ത്തന പരിധിയിലെ ജൈവകര്‍ഷകരെ ജൈവ വളങ്ങളും പി എച്ച് ബൂസ്റ്ററും നല്കി ആദരിച്ചു. കര്‍ഷകരായ ശശികല മഠത്തില്‍, അബ്ദുള്‍ സത്താര്‍, എം. കെ. അനില്‍കുമാര്‍, എ. സുധീര്‍, എം.എന്‍. രാജേശ്വരി, എന്‍.സിദ്ധാര്‍ത്ഥന്‍, രമേശന്‍ കോരക്കാത്ത്, സത്യന്‍ തോട്ടത്തില്‍, പി. വി. ദേവസ്യ, കൂണ്‍ കര്‍ഷകന്‍ പി.ടി. ഗുണപ്രസാദ്, ദര്‍ശനം കാര്‍ഷികവേദി കണ്‍വീനര്‍ എ. വിഷ്ണുനമ്പൂതിരി എന്നിവര്‍ ആദരം ഏറ്റുവാങ്ങി. ഇന്‍ഡോ – അമേരിക്കന്‍ എഴുത്തുകാരന്‍ എസ് . അനിലാല്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ ജ്ഞാനസ്‌നാനം, ഷീലാ ടോമിയുടെ കിളിനോച്ചിയിലെ ശലഭങ്ങള്‍, ടി. പത്മനാഭന്റെ കരുവന്നൂര്‍ എന്നീ കഥാസമാഹാരങ്ങള്‍ രചയിതാക്കളുടെ കയ്യൊപ്പോടെ ദര്‍ശനം നിര്‍വ്വാഹക സമിതി അംഗം വി. ഹരികൃഷ്ണന്‍ അനിലാലിന് കൈമാറി. അനിലാലിന്റെ 3 പുസ്തകങ്ങള്‍ ജോയിന്റ് സെക്രട്ടറി പി. ദീപേഷ് കുമാര്‍ ഏറ്റുവാങ്ങി. കൊച്ചിയില്‍ നടന്ന എന്‍.എഫ്.ആര്‍. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സംവിധാനത്തിന് ഗ്ലോബല്‍ അക്കാദമി പുരസ്‌കാരം നേടിയ വിനീഷ് വാസുവിന്റെ ‘ഒരു വിശുദ്ധ താരാട്ട് ‘ എന്ന ഹൃസ്വ ചലച്ചിത്രത്തിന്റെ പ്രദര്‍ശനം ഉണ്ടായി.വിനീഷ് വാസുവിന് അനിലാല്‍ ഉപഹാരം നല്‍കി. വിത്തുകളുടെ പഠനം നടത്തി കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മിഥുന്‍ വേണുഗോപാല്‍, കലിക്കറ്റ് യൂണിവേഴ്‌സിറ്റിഎം.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ റാങ്ക് നേടിയ കാളാണ്ടിത്താഴത്തുകാരായ സുവിന്‍ കെ. സതീഷ്, ബ്രാസ് ബാന്‍ഡില്‍ ദേശീയ തലത്തില്‍ 3-ാം സ്ഥാനത്ത് എത്തിയ ആംഗ്‌ളോ ഇന്ത്യന്‍ ഗേള്‍സിലെ പ്ലസ് 1 വിദ്യാര്‍ത്ഥി ശ്രേയാ കൃഷ്ണ എന്നിവരെയും മെമെന്റോ നല്‍കി ആദരിച്ചു. തണ്ണീര്‍ത്തട വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ശില്പി ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു തത്സമയം വരച്ച ക്യാന്‍വാസ് ചിത്രം അനിലാലിന് സമ്മാനിച്ചു. വിനീഷ് വാസു, കര്‍ഷകന്‍ പി.വി.ദേവസ്യ, ഡോ.മിഥുന്‍ വേണുഗോപാല്‍, ദര്‍ശനം ബാലവേദി മെന്റര്‍ പി.തങ്കം, താലൂക്ക് ലൈബ്രററി കൗണ്‍സില്‍ അംഗം പി. കെ. ശാലിനി എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി. സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി എം.എ. ജോണ്‍സണ്‍ സ്വാഗതവും ദര്‍ശനം കാര്‍ഷികവേദി കണ്‍വീനര്‍ എ.വിഷ്ണുനമ്പൂതിരി നന്ദിയും പറഞ്ഞു.
ലോകതണ്ണീര്‍ത്തട ദിനാചരണം; ജൈവകര്‍ഷകരെ ആദരിച്ചു