പി.ടി.നിസാര്‍
കോഴിക്കോട്: വയനാട്ടില്‍ വന്യമൃഗ ശല്യം കാരണം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിഎസ്‌ഐ മലബാര്‍ മഹാഇടവക ബിഷപ്പ് റൈറ്റ് റവ.ഡോ. റോയ് മനോജ് വിക്ടര്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. ആര്‍ദ്രം ഭവന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ബിഷപ് വയനാട് സന്ദര്‍ശിച്ചിരുന്നു. മുണ്ടക്കൈ ദുരന്തത്തിനിരയായവര്‍ക്ക് സഭ നിര്‍മ്മിച്ചു നല്‍കുന്ന ആര്‍ദ്രം ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കാനിടയായി.
കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും സഹായധനം നല്‍കുകയും ചെയ്തു. മഹാഇടവക ഭാരവാഹികളായ റവ.ജേക്കബ് ഡാനിയേല്‍, കെന്നത്ത് ലാസര്‍, റവ.സി.കെ.ഷൈന്‍, സിഎസ്‌ഐ വയനാട് ഡിസ്ട്രിക്ട് പ്രസിഡന്റ് പി.വി.ചെറിയാന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് തറയില്‍, ജോയ്പ്രസാദ് പുളിക്കന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. വന്‍കിട കര്‍ഷകര്‍ക്ക് മാത്രമല്ല കൂലിപ്പണിയെടുക്കുന്നവര്‍ക്കും വലിയ ഭീഷണിയാണ് വന്യ മൃഗങ്ങള്‍ ഉയര്‍ത്തുന്നത്. ക്ഷീരകര്‍ഷകര്‍ക്ക്, അവരുടെ പശുക്കളെയും മറ്റും നഷ്ടപ്പെടുമോ എന്ന ഭീതിയാണ്. കാര്‍ഷിക വിളകള്‍ നശിക്കുന്നത് കാരണം കര്‍ഷകര്‍ കാര്‍ഷിക ഭൂമി ഉപേക്ഷിക്കുന്ന സാഹചര്യമാണുണ്ടാവുന്നത്. ഇത് നമ്മുടെ കാര്‍ഷിക ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടി കൈക്കൊളളുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.