കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ കേരളമാവശ്യപ്പെട്ട കാര്യങ്ങളൊന്നും അംഗീകരിക്കാത്തതില്‍ കടുത്ത പ്രതിഷേധമുയരുന്നതിനിടെ റെയില്‍വേയിലും കേരളത്തിന് കടുംവെട്ട്. കഴിഞ്ഞ വര്‍ഷം 3042 കോടിയാണ് അനുവദിച്ചിരുന്നതെങ്കില്‍ ഈ ബജറ്റില്‍ കേവലം 31 കോടി രൂപയാണ് അധികമായി അനുവദിച്ചിട്ടുള്ളത്. പുതിയ വണ്ടികള്‍ ബജറ്റിലില്ല. കേരളം ആവശ്യപ്പെടുന്ന കെ.റെയിലിനെ കുറിച്ച് ബജറ്റില്‍ മിണ്ടാട്ടമില്ല. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ശബരി പാതയെക്കുറിച്ചും മെമു സര്‍വ്വീസിനെക്കുറിച്ചും ബജറ്റില്‍ മിണ്ടാട്ടമില്ല.
നഞ്ചംകോട്-മൈസൂര്‍ റെയില്‍വേ എന്നത് കേരളം ദീര്‍ഘ കാലമായി ആവശ്യപ്പെടുന്ന ഒന്നാണ്. അതും പരിഗണിക്കപ്പെട്ടില്ല. തലശ്ശേരി- മൈസൂരു, കാഞ്ഞങ്ങാട്- കാണിയൂര്‍ പാതകളും ബജറ്റിലില്ല. മൂന്നാം പാതയായ എറണാകുളം-ഷൊര്‍ണ്ണൂര്‍- മംഗലാപുരം പാതയും പരിഗണിക്കപ്പെട്ടിട്ടില്ല. കേരളത്തിന് റെയില്‍വേ വകയിരുത്തിയ തുകയുടെ മാനദണ്ഡം 10-12 വര്‍ഷം മുന്പത്തേതാണെന്ന് സംസഥാന റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന് കുറ്റപ്പെടുത്തുന്നു. നിലവിലുള്ള വികസന സാധ്യതകള്‍, പദ്ധതി നിര്‍വ്വഹണ ചിലവ് എന്നിവയ്ക്ക് ഇപ്പോള്‍ എട്ടിരട്ടിയെങ്കിലും അധികമായി അനുവദിക്കണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കേരളത്തെ അപ്പാടെ തിരസ്ക്കരിക്കുന്ന നടപടിയാണ് കേന്ദ്രത്തില്‍ നിന്നുണ്ടാവുന്നത്. ഇതിനെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കണം.