തിരുവനന്തപുരം : കള്ളക്കടല്‍ നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി സമുദ്ര സ്ഥിതി പഠന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. തീരങ്ങളില്‍ കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
നാളെ രാവിലെ 5:30 മുതല്‍ വൈകുന്നേരം 5:30 വരെ ഉയര്‍ന്ന തിരമാലകള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസഥാനത്ത് 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരത്തുള്ള ചെറു വള്ളങ്ങളും മത്സ്യബന്ധന യാനകളും കെട്ടി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നാല് ജില്ലകളില്‍ മാത്രമാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളതെങ്കിലും കേരളത്തില്‍ ഉടനീളം കള്ളക്കടല്‍ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്.മുന്നറിയിപ്പ് പിന്‍വലിക്കും വരെ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
കള്ളക്കടല്‍ നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്