തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ യു.പി.എയും എന്‍.ഡി.എയും പരാജയം; രാഹുല്‍ഗാന്ധി

തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ യു.പി.എയും എന്‍.ഡി.എയും പരാജയം; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച യു.പി.എ.യ്ക്കോ എന്‍.ഡി.എ.യ്ക്കോ സാധിച്ചിട്ടില്ലെന്ന്് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന ആശയം നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും രാഹുല്‍ഗാന്ധി ലോക്സഭയില്‍ പറഞ്ഞു.

അതിവേഗം വളര്‍ന്നിട്ടും തൊഴിലില്ലായ്മ പരിഹരിക്കാനായില്ല എന്നത് നമ്മള്‍ നേരിടുന്ന സാര്‍വത്രികമായ പ്രശ്നമാണ്. യു.പി.എ.യ്ക്കോ ഇപ്പോള്‍ ഭരിക്കുന്ന എന്‍.ഡി.എ.യ്ക്കോ രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലിനെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം നല്‍കാനായിട്ടില്ല.രാജ്യത്തെ ഉത്പാദനമേഖലയുടെ വിഹിതം 2014-ലെ 15.3 ശതമാനത്തില്‍നിന്ന് ഇന്ന് 12.6 ശതമാനത്തിലെത്തി. 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രധാനമന്ത്രിയെ ഒന്നിനും ശ്രമിച്ചിട്ടില്ലെന്നും താന്‍ പറയുന്നില്ലെന്നും രാഹില്‍ പറഞ്ഞു.

ഉത്പാദനം വര്‍ധിപ്പിക്കാന്‍ രാജ്യത്തെ മികച്ച കമ്പനികള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ ഉത്പാദനമെല്ലാം നടത്തുന്നത് ചൈനയാണ്. തന്റെ മൊബൈല്‍ഫോണ്‍ ഉയര്‍ത്തിക്കാണിച്ചാണ് രാഹുല്‍ഗാന്ധി സംസാരിച്ചത്. ഒരുരാജ്യമെന്ന നിലയില്‍ ഉത്പാദനമേഖലയെ സംഘടിപ്പിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. ഈ ഫോണ്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ അല്ല. ഇത് ഇന്ത്യയില്‍വെച്ച് കൂട്ടിയോജിപ്പിച്ചെന്നേയുള്ളൂ. ഇതിന്റെ എല്ലാ ഘടകങ്ങളും ചൈനയില്‍ നിര്‍മിച്ചതാണ്. ഓരോ തവണയും നമ്മള്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും ബംഗ്ലാദേശി ഷര്‍ട്ട് ധരിക്കുമ്പോഴും നമ്മള്‍ അവര്‍ക്ക് നികുതി അടയ്ക്കുകയാണെന്നുംരാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രസംഗത്തിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കവും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. നമ്മുടെ 4000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനയുടെ കൈവശമാണെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം. ഒരുതുണ്ട് ഭൂമിയും ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദത്തിന് വിരുദ്ധമായാണ് സൈന്യം പറയുന്നത്. ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന കാര്യം പ്രധാനമന്ത്രി നിഷേധിച്ചു. പക്ഷേ, സൈന്യം അദ്ദേഹത്തിന്റെ വാദത്തെ എതിര്‍ത്തു.

ഭരണപക്ഷം ചൈന ഇന്ത്യയുടെ ഭൂപ്രദേശം കൈവശപ്പെടുത്തിയെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ എതിര്‍ത്തു. രാഹുല്‍ഗാന്ധിക്കെതിരേ ഭരണപക്ഷ അംഗങ്ങള്‍ ശബ്ദമുയര്‍ത്തി. രാഹുല്‍ഗാന്ധി തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും താങ്കള്‍ക്ക് എങ്ങനെ ഇത് പറയാന്‍ കഴിയുമെന്നും താങ്കള്‍ കള്ളം പറയുകയാണെന്നും ലോക്‌സഭയില്‍ കിരണ്‍ റിജിജു രാഹുല്‍ഗാന്ധിയോട് പറഞ്ഞു. ഇതോടെ ലോക്സഭ സ്പീക്കര്‍ ഓംബിര്‍ളയും രാഹുലിന്റെ പ്രസംഗത്തില്‍ ഇടപെട്ടു. നിങ്ങള്‍ പറയുന്നതിന്റെ തെളിവുകള്‍ ഹാജരാക്കേണ്ടിവരുമെന്ന് സ്പീക്കര്‍ രാഹുല്‍ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കി.

 

 

 

തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ യു.പി.എയും
എന്‍.ഡി.എയും പരാജയം; രാഹുല്‍ഗാന്ധി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *