കണ്ണൂര്‍: കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുകേഷിന് ഒരിളവും ലഭിക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ.ശ്രീമതി.കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുകേഷ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും എം.ല്‍.എ.യുമായ മുകേഷ് കുറ്റം ചെയ്തുവെന്ന് കണ്ടുകഴിഞ്ഞാല്‍ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന നയസമീപനമല്ല കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോധ്യം ജനാധിപത്യ മഹിള അസോസിയേഷനുണ്ട്. ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടി മാതൃകപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്. കോടതി കുറ്റക്കാരാണെന്ന് കണ്ടാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ല. വിക്ടിമിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണിത്”- പി.കെ ശ്രീമതി പറഞ്ഞു

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

അമ്മയില്‍ അംഗത്വം നല്‍കാമെന്നും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്ക്കെതിരായി നല്‍കിയ പരാതി. മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

എറണാകുളത്തുള്ള വില്ലയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരില്‍ വെച്ച് സമാന സംഭവം ആവര്‍ത്തിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍
മുകേഷിന് ഒരിളവും ലഭിക്കില്ല; പി.കെ.ശ്രീമതി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *