കോട്ടയം: കേരളീയരെയാകെ അപമാനിക്കുന്ന ജോര്‍ജ് കുര്യന് കേരളീയനാണെന്ന് മറക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ബജറ്റില്‍ കേരളമെന്ന വാക്കു പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമര്‍ശനമായി ഉന്നയിക്കുമ്പോള്‍ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയില്‍ പിന്നാക്കമാണ് എന്നു പറഞ്ഞു കഴിഞ്ഞാല്‍ അതു കമ്മിഷന് പരിശോധിക്കും. പരിശോധിച്ചു കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും ഇതായിരുന്നു ജോര്‍ജ്ജ് കുര്യന്റെ പ്രസ്താവന.കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. സംസ്ഥാനത്തെ അവഹേളിച്ച ജോര്‍ജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. പ്രസ്താവന പിന്‍വലിച്ച് ജോര്‍ജ് കുര്യന് മാപ്പു പറയണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താളത്തിനു തുള്ളുന്ന കളിപ്പാവകളായി കേന്ദ്രമന്ത്രിമാര്‍ അധഃപതിക്കരുത്. കേരളത്തില്‍ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും സതീശന് പറഞ്ഞു.
സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആര്‍ജവമോ ഇച്ഛാശക്തിയോ ജോര്‍ജ് കുര്യനോ സുരേഷ് ഗോപിക്കോ കേരളത്തിലെ ബിജെപിക്കോ സംഘപരിവാറിനോ ഇല്ല. രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ബജറ്റിന്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാനാണു സംഘപരിവാറിന്റെ ശ്രമം. സംഘപരിവാര്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോര്‍ജ് കുര്യന്റെ വാക്കുകളില്‍ കാണുന്നത്. ബിജെപി മന്ത്രിയാണെങ്കിലും ജോര്‍ജ് കുര്യന് കേരളീയനാണെന്നത് മറക്കരുതെന്നും സതീശന് പറഞ്ഞു.
ജോര്‍ജ് കുര്യന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ച മാധ്യമങ്ങളോട് മറ്റുള്ളവരുടെ കാര്യം തന്നോട് ചോദിക്കരുതെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികള്‍ പറയാന്‍ പാടില്ലാത്ത പ്രസ്താവനയാണ് ജോര്‍ജ് കുര്യന് നടത്തിയതെന്ന് മന്ത്രി കെ. രാജന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താളത്തിനു തുള്ളുന്ന കളിപ്പാവകളായി കേന്ദ്രമന്ത്രിമാര്‍ അധഃപതിക്കരുത്.