ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍കേരളത്തിന് പ്രത്യേക പരിഗണന ലഭിച്ചില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടി, മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനായി 1,000 കോടി, വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി, സില്‍വര്‍ ലൈന്‍, കേരളത്തിന്റെ ദീര്‍ഘകാലാവശ്യമായ എയിംസ്, ശബരി പാത തുടങ്ങി പല അത്യവാശ്യങ്ങളും കേരളം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒന്ന് പോലും ബജറ്റില്‍ ഇടംപിടിച്ചില്ല.
പൊതുവായി നടത്തിയ പ്രഖ്യാപനങ്ങളൊഴികെ കേരളത്തെ പരിഗണിച്ചില്ലായെന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പയുണ്ട്. ഒന്നരലക്ഷം കോടി രൂപ ഇതിനായി വകയിരുത്തും. പുതിയ പദ്ധതികള്‍ക്കായി പത്തുലക്ഷം കോടി മൂലധനം അഞ്ച് വര്‍ഷത്തേക്ക് നല്‍കും. എഐ പഠനത്തിന് സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിനായി 500 കോടി മാറ്റിവെച്ചു. ഇത്തരത്തില്‍ പൊതുവായി ലഭിക്കുന്ന മാറ്റിയിരുത്തല്‍ തുകയൊഴിച്ച് പ്രത്യേക പരിഗണന കേരളത്തിന് ലഭിച്ചില്ല. .ചുരുങ്ങിയ പക്ഷം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വയനാട് പാക്കേജും കേരളത്തിലെ മലയോര മേഖല അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്‌നമായ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനും ബജറ്റില്‍ സഹായം ഉണ്ടാകും എന്നുള്ള പ്രതീക്ഷയും വൃഥാവിലായി.വിഴിഞ്ഞം പ്രൊജക്ടിനുവേണ്ടത്ര പരിഗണന ലഭിച്ചില്ല.
സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു കേരളം ആവശ്യപ്പെട്ടത്. വയനാട് പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടി, പ്രവാസികള്‍ക്കുള്ള പദ്ധതിക്കായി 300 കോടി, കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിക്കുന്ന ദുരന്തങ്ങള്‍ക്കായി 4,500 കോടി, റബറിന് താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് 1,000 കോടിയുടെ പദ്ധതി, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 2,117 കോടി, തിരുവനന്തപുരം ആര്‍സിസിയുടെ വികസനത്തിനായി 1,293 കോടി, നെല്ലു സംഭരണത്തിന് 2,000 കോടി, തീരദേശത്തെ കടലാക്രമണവും തീരശോഷണവും നേരിടാന്‍ 2,329 കോടി, സില്‍വര്‍ലൈന്‍, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, അങ്കമാലി-ശബരി, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു റെയില്‍പാതകള്‍ക്ക് അനുമതിയും ഫണ്ടും, തുടങ്ങി 14 ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വെച്ചിരുന്നത്.