ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നത്;നരേന്ദ്ര മോദി

ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നത്;നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്ന ജനങ്ങളുടെ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപത്തെയും സമ്പാദ്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണെന്നും വിഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.ജനങ്ങളില്‍ സമ്പാദ്യം വര്‍ധിപ്പിക്കുക എന്നതിലൂന്നിയുള്ള ബജറ്റാണ് ഇത്തവണത്തേത്.

12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും ഉള്ളവരുടെ നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇത് ഇടത്തരക്കാര്‍ക്ക് വലിയ ഗുണമുണ്ടാക്കും. പുതുതായി ജോലിക്കു ചേര്‍ന്നിട്ടുള്ളവര്‍ക്ക് ഇത് വലിയ അവസരമാണ് തുറന്നിടുന്നത്. വികസനത്തിലേക്കുള്ള ഇന്ത്യയുടെ ഭാവിയാണ് 2025ലെ ഈ ബജറ്റെന്നും പ്രധാന മന്ത്രി ഓര്‍മ്മിപ്പിച്ചു. സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതും സമഗ്ര വികസനം ഉറപ്പുനല്‍കുന്നതും ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുന്നതുമാണ് ബജറ്റ്.

കപ്പല്‍ നിര്‍മാണത്തിന് വ്യവസായ പദവി നല്‍കിയത് വരും വര്‍ഷങ്ങളില്‍ വലിയ മാറ്റമാണ് കൊണ്ടുവരുക. രാജ്യത്ത് വലിയ കപ്പലുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കും. ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് കപ്പല്‍ നിര്‍മാണം. ടൂറിസം മേഖലയിലും ബജറ്റ് മാറ്റങ്ങള്‍ കൊണ്ടുവരും. ഗിഗ് മേഖലയിലെ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കുന്നതിലൂടെ തൊഴിലുകളുടെ മഹത്വത്തോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത വ്യക്തമാകുകയാണ്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ പരിധി 5 ലക്ഷമാക്കി ഉയര്‍ത്തിയത് കാര്‍ഷിക മേഖലയിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ ആകെയും വിപ്ലവം സൃഷ്ടിക്കും. മുന്‍ ബജറ്റുകള്‍ സര്‍ക്കാര്‍ ഖജനാവുകള്‍ നിറച്ചിരുന്നതാണെങ്കില്‍ ജനങ്ങളുടെ പോക്കറ്റ് നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ ബജറ്റുകള്‍ തയാറാക്കുന്നത്. ജനങ്ങളുടെ സമ്പാദ്യം ഉയര്‍ത്തി അവരെയും വികസനത്തില്‍ പങ്കാളികളാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ വെടിയുണ്ട കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് പരിഹാരം എന്നാണ് ബജറ്റിനെ രാഹുല്‍ ഗാന്ധി പരിഹസിച്ചത്.വെടിയുണ്ടകള്‍ കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് കൊണ്ടുള്ള പരിഹാരമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് എന്ന് പരിഹാസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
ആഗോള അനിശ്ചിതത്വത്തിനിടയില്‍, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റമാണ് വേണ്ടത്. എന്നാല്‍ ഈ സര്‍ക്കാര്‍ ആശയ പാപ്പരത്തമാണ് നേരിടുന്നതെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

 

 

ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നത്;നരേന്ദ്ര മോദി

 

Share

Leave a Reply

Your email address will not be published. Required fields are marked *