നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷനില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മുഴുവന്‍ ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുക, റെയില്‍വെ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഫ്‌ളൈ ഓവര്‍ നിര്‍മിക്കുക, റെയില്‍ സ്റ്റേഷനില്‍ കാലോചിതമായ വികസനം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ (2ന് ഞായറാഴ്ച) രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഏകദിന ബഹുജന സത്യഗ്രഹസമരം നടത്തുമെന്ന് സംയുക്ത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ മടപ്പള്ളിയും കണ്‍വീനര്‍ ശശി പറമ്പത്തും അറിയിച്ചു. സത്യഗ്രഹസമരം കാലത്ത് 9 മണിക്ക് കെ.കെ. രമ എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ബഹുജനങ്ങളും സമരത്തില്‍ പങ്കെടുക്കും.
മടപ്പള്ളി ഗവണ്‍മെന്റ് കോളേജും രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഉള്‍പ്പടെ ഒട്ടേറെ സ്ഥാപനങ്ങളും പ്രധാനപ്പെട്ട ആരാധനാലയങ്ങളും നാദാപുരം റോഡ്, മടപ്പള്ളി പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്. നൂറുകണക്കിന് ദീര്‍ഘദൂര യാത്രക്കാര്‍ സ്ഥിരമായി വന്നു പോകുന്ന സ്ഥലമാണിവിടെ. വിവിധ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയത് മൂലം യാത്രക്കാര്‍ തീരാ ദുരിതത്തിലാണ്.
കാലത്ത് കണ്ണൂരില്‍ നിന്നു കോയമ്പത്തൂരിലേക്കും തിരിച്ച് കണ്ണൂരിലേക്കും സര്‍വീസ് നടത്തിയിരുന്ന ട്രെയിനിന് ബ്രിട്ടീഷ് ഭരണകാലത്തേ നാദാപുരം റോഡില്‍ സ്റ്റോപ്പുണ്ടായിരുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ ട്രെയിന്‍. കോവിഡിന് മുന്‍പ് 10 ട്രെയിനുകള്‍ വരെ നിര്‍ത്തിയിരുന്ന നാദാപുരം റോഡ് സ്റ്റേഷനില്‍ നിലവില്‍ രണ്ട് ട്രെയിനുകള്‍ക്ക് മാത്രമാണു സ്റ്റോപ്പുള്ളത്. നാദാപുരം ഭാഗത്തുനിന്നും കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ നിന്നും ഒട്ടേറെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണിത്.യാത്രക്കാരുടെ എണ്ണത്തിലും ടിക്കറ്റ് വരുമാനത്തിലും ഏറെ മുന്നിലാണ് ഈ സ്റ്റേഷന്‍. മറ്റ് ഒട്ടേറെ സ്റ്റേഷനുകളും വികസനകാര്യത്തില്‍ ഏറെ മുന്നേറിയെങ്കിലും 1904 ല്‍ ആരംഭിച്ച നാദാപുരം റോഡ് സ്റ്റേഷന്‍ പുതിയ നൂറ്റാണ്ടിലും ജീര്‍ണാവസ്ഥയില്‍ തുടരുകയാണ്.
നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷന്‍ അവഗണനക്കെതിരെ
നാളെ (2ന്) ഏകദിന ബഹുജന സത്യഗ്രഹസമരം