ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം ആരോഗ്യ മേഖലയ്ക്ക് ജീവന്‍ വെക്കുന്ന ബജറ്റാണ്. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതി ഇളവും പ്രഖ്യാപിച്ചു. 36 ജീവന്‍ രക്ഷാമരുന്നുകള്‍ക്കാണ് പൂര്‍ണമായും നികുതി ഇളവ് നല്‍കിയത്. ആറ് ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകള്‍ക്കും 13 പുതിയ രോഗീസഹായ പദ്ധതികള്‍ക്കും നികുതി പൂര്‍ണമായും ഒഴിവാക്കി.
2025-26 വര്‍ഷത്തില്‍ത്തന്നെ 200 ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ ക്രമീകരിക്കും. രാജ്യത്തുടനീളമുള്ള കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ പ്രാപ്യമാക്കാനും പിന്തുണയേകാനും ആരോഗ്യസേവനങ്ങളിലെ വിടവ് നികത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചത്.
എട്ടു കോടി കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്. സക്ഷം അംന്‍വാടി പോഷണ്‍ 2.0 പദ്ധതിയിലൂടെയാണ് എട്ടുകോടിയിലേറെ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. രാജ്യത്തുടനീളമുള്ള ഒരുകോടി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും, 20 ലക്ഷം കൗമാരക്കാര്‍ക്കും പോഷകാഹാരം ഉറപ്പുവരുത്തും.
ഗ്രാമപ്രദേശങ്ങളില്‍ ഭാരത് നെറ്റ് പ്രൊജക്ടിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.