വടകര: കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തു പ്രത്യേകിച്ച് കോഴിക്കോട് ജില്ലയില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നുവെന്നുനിയുക്ത സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളെകൂട്ടുപിടിച്ച് വലതു പക്ഷം ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.മതനിരപേക്ഷ സ്വഭാവത്തിനു ഭംഗം വരുത്താന്‍ ആരെയും അനുവദിക്കില്ല. വര്‍ഗീയതയെ എതിര്‍ക്കുന്നതിനു പകരം സിപിഎമ്മിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി വര്‍ഗീയ ശക്തികളെ യുഡിഎഫ് കൂട്ടുപിടിക്കുന്നെന്നും എല്ലാത്തരം വര്‍ഗീയതയെയും ഇടതുപക്ഷം ചെറുക്കുമെന്നും എം.മെഹബൂബ് പറഞ്ഞു.
എളമരം കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. 47 അംഗ ജില്ലാ കമ്മിറ്റിയെ ഏകകണ്ഠമായാണു തിരഞ്ഞെടുത്തതെന്നു മുന്‍ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.കെ.കെ.ലതികയാണു ജില്ലാ സെക്രട്ടറിയായി മെഹബൂബിനെ നിര്‍ദേശിച്ചത്. മാധ്യമങ്ങളില്‍ പല പേരുകളും ഉയര്‍ന്നുവന്നു. പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തരായ ധാരാളം പേര്‍ ജില്ലയിലുണ്ടെന്നതിന്റെ തെളിവാണ് അത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജന്മഗൃഹമായാണ് കോഴിക്കോടിനെ വിലയിരുത്തുന്നത്. പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നല്ലരീതിയില്‍ ഇടപെടല്‍ നടത്തി. അതിനു നല്ല ഫലമുണ്ടായി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് എതിരായവര്‍ ഒന്നിച്ചു മഴവില്‍ സഖ്യമായി വരുന്നു. അതിനെയെല്ലാം അതിജീവിച്ചു ബഹുജന പിന്തുണ ആര്‍ജിച്ചു പാര്‍ട്ടി മുന്നേറുമെന്നും പി.മോഹനന്‍ പറഞ്ഞു.
ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയും പങ്കെടുത്തു. ഏകകണ്‌ഠേനയാണു റിപ്പോര്‍ട്ട് പാസാക്കിയത്. ജില്ലയില്‍ പാര്‍ട്ടിക്ക് അസൂയാവഹമായ വളര്‍ച്ചയുണ്ടായി. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ 45ല്‍നിന്ന് 47 ആയി ഉയര്‍ന്നു. മെംബര്‍ഷിപ്പിന്റെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത്. 11 പേരെ പുതിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. 13 പേരെ ഉള്‍പ്പെടുത്തി. ജില്ലാ കമ്മിറ്റിയില്‍ ആറു പേര്‍ വനിതകളാണ്. പി.മോഹനന്‍, എ.പ്രേംകുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവായി. പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനാണ് ഒഴിവായതെന്നും പി.മോഹനന്‍ പറഞ്ഞു. കെ.കെ.ലതിക, കെ.കെ.ദിനേശന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ജില്ലയില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നു; എം.മെഹബൂബ്