ന്യുഡല്‍ഹി: ഇന്ന് മഹാത്മാ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനം. ഗാന്ധിജിയെ സ്മരിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തില്‍ പ്രണാമമര്‍പ്പിച്ചു. രണ്ട് മിനിറ്റ് നേരം മൗനപ്രാര്‍ഥനയും നടത്തി. വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.നമ്മുടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ സേവനത്തെയും ത്യാഗങ്ങളെയും സ്മരിക്കുകയും ചെയ്യുന്നു’ – മോദി എക്സില്‍ കുറിച്ചു.
സമാധാനത്തിനും അഹിംസയ്ക്കും വേണ്ടി വാദിക്കുന്ന ലോകത്തെ ഏറ്റവും സ്വാധീനിച്ച ചിന്താഗതിക്കാരില്‍ ഒരാളായിരുന്നു മഹാത്മാഗാന്ധി. ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും മറ്റ് സംഘടനകളും മഹാത്മാഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ മതേതര ആശയത്തെ കുറിച്ചും വരും തലമുറകളെ ബോധവത്കരിക്കുന്നതിന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ ഗാന്ധിജിക്ക് ദേശീയ പ്രസ്ഥാനത്തെ സാമ്രാജ്യത്വ വിരുദ്ധതയിലും മതേതരത്വത്തിലും അടിയുറപ്പിച്ചു നിര്‍ത്താനും കഴിഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് അദ്ദേഹം ഭൂരിപക്ഷ വര്‍ഗ്ഗീയ ശക്തികളുടെ കണ്ണിലെ കരടായതും. ഇന്ത്യന്‍ മണ്ണിലെ ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെ ഗാന്ധിജി നിലകൊണ്ടത്. ഇന്ത്യയെ കാര്‍ന്നുതിന്നാന്‍ ശേഷിയുള്ള മതവര്‍ഗ്ഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജി.
രാജ്യം ഗാന്ധി സ്മരണയില്‍;
രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും