ആഗോള കാത്തോലിക്കാ സഭയുടെ തലവനാണ് റോമിലെ വത്തിക്കാനിലുള്ള മാര്‍പ്പാപ്പ. 1986ല്‍ അന്നത്തെ മാര്‍പ്പാപ്പ ജോണ്‍പോള്‍ രണ്ടാമന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മംഗലാപുരം സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം കിട്ടി. തുടര്‍ന്ന് അദ്ദേഹം കോട്ടയം സന്ദര്‍ശിച്ചു. അവിടെ വച്ച് അല്‍ഫോന്‍സാമ്മയേയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പിന്നീട് 2008ല്‍ അല്‍ഫോന്‍സാമ്മയേയും 2014ല്‍ ചാവറ അച്ചനേയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.
ഇന്ത്യാ സന്ദര്‍ശന വേളയില്‍ മാര്‍പ്പാപ്പയ്ക്ക് കോട്ടയം കൂടാതെ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലും പരിപാടികളുണ്ടായിരുന്നു. ഗോവ, ചെന്നൈ, ഡല്‍ഹി, കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ലോകത്തിലെ 140 കോടി കത്തോലിക്കരുടെ ആത്മീയാചാര്യനായ മാര്‍പ്പാപ്പയെ വത്തിക്കാനില്‍ വച്ചു കാണാന്‍ 1996ല്‍ അവസരം ലഭിച്ചു. എല്ലാ ബുധനാഴ്ചയും മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും. വലിയ മൈതാനത്തോളം വിസ്തീര്‍ണമുള്ള സ്ക്വയറില്‍ വേലികെട്ടി തിരിച്ച സ്ഥലത്ത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ കാത്തു നില്ക്കും.
നേരത്തെ പ്രത്യേക അനുവാദം ലഭിച്ചിരുന്നതിനാല്‍ ഞാന്‍ അടങ്ങിയ സംഘത്തിന് മാര്‍പ്പാപ്പയുടെ ഇരിപ്പിടത്തിനടുത്ത് വിശിഷ്ടാതിഥികള്‍ക്കൊപ്പം സ്റ്റേജില്‍ കസേരകള്‍ അനുവദിച്ചിരുന്നു. അവിടെ ഇരുന്ന് സ്ക്വയറിലേക്ക് നോക്കുമ്പോള്‍ കറുത്തവരും വെളുത്തവരും ചുവന്ന നിറമുള്ളവരും ഇരുണ്ട നിറമുള്ളവരുമായി ലോക ജനസംഖ്യയുടെ പരിച്ഛേദം സ്ക്വയറില്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ പല നിറങ്ങളിലുള്ള പൂക്കള്‍ നിരന്നു നില്ക്കുന്നതുപോലെ തോന്നും. ലോക ജനതയുടെ നിറങ്ങളിലും രൂപങ്ങളിലുമുള്ള വൈവിധ്യവും ഭംഗിയും മനസ്സില്‍ നിറഞ്ഞു. അരലക്ഷത്തോളം ജനങ്ങളെ ഉള്‍ക്കൊള്ളാവുന്ന സ്ക്വയറില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നു. ചിലര്‍ സ്വന്തം രാജ്യങ്ങളുടെ പേരെഴുതിയ പ്ലക്കാര്‍ഡ് പിടിച്ചിട്ടുണ്ട്.
ഒമ്പതരയായതോടെ ഗായക സംഘങ്ങള്‍ സജീവമായി. ജനക്കൂട്ടത്തില്‍ നിന്ന് മാര്‍പ്പാപ്പയ്ക്കു സ്വാഗതമോതിക്കൊണ്ട് വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ ഉയരുകയായി. ഹല്ലേലുയ ഗാനങ്ങളുടെ അലൗകികാന്തരീക്ഷം നിറഞ്ഞു നില്ക്കുമ്പോള് 11 മണിയോടെ മാര്‍പ്പാപ്പയുടെ തുറന്ന ജീപ്പ് പ്രത്യക്ഷപ്പെട്ടു. ഇതോടെ ജനങ്ങളുടെ ആര്‍പ്പുവിളി ഉച്ചത്തിലായി. സ്ക്വയറില്‍ നില്ക്കുന്ന ജനങ്ങള്‍ക്കിടയിലൂടെ മാര്‍പ്പാപ്പ ജീപ്പില്‍ വേഗത കുറച്ചു നീങ്ങുന്നു. കൈനീട്ടി തൊടാനും കൈമുത്താനും ശ്രമിക്കുന്നവരില്‍ നിന്നും ഏറെ പണിപ്പെട്ടാണ് അംഗരക്ഷകര്‍ മാര്‍പ്പാപ്പയെ രക്ഷിക്കുന്നത്.
സ്ക്വയറിലെ ജനങ്ങളെ കണ്ട ശേഷം മാര്‍പ്പാപ്പ സ്റ്റേജിലെ പ്രത്യേകം തയ്യാറാക്കിയ കസേരയില്‍ ഇരുന്നു. ബൈബിള്‍ വായനയ്ക്കു ശേഷം മാര്‍പ്പാപ്പയുടെ പ്രസംഗം. ഓരോ രാജ്യത്തു നിന്നും എത്തിയവരെ രാജ്യത്തിന്റെ പേരു പറഞ്ഞ് സ്വാഗതം ചെയ്തപ്പോള്‍ ജനങ്ങള്‍ ആര്‍പ്പുവിളിച്ചു. റോം സന്ദര്‍ശനം വിശ്വാസ തീക്ഷ്ണത വര്‍ദ്ധിപ്പിക്കാന്‍ ഇടയാകട്ടെയെന്നു പറഞ്ഞ് ഞങ്ങളുടെ സംഘത്തിന്റെ പേരു പറഞ്ഞ് മാര്‍പ്പാപ്പ ആശംസ അറിയിച്ചു.
ഇതിനു ശേഷം സ്റ്റേജിലെ വിശിഷ്ടാതിഥികളേയും രാഷ്ട്രത്തലവന്മാരെയും കാണാന്‍ മാര്‍പ്പാപ്പ എണീറ്റു. അവരോടെല്ലാം കുശലം ചോദിച്ച് മെല്ലെയാണ് മാര്‍പ്പാപ്പ നീങ്ങുന്നത്.
അങ്ങനെ ഞങ്ങളുടെ അടുത്തെത്തി മുന്വരിയില് നിന്ന എന്നോട് ഇറ്റാലിയന്‍ ഭാഷയില്‍ ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ലെങ്കിലും നീട്ടിയ വലതു കൈപ്പടം എന്റെ രണ്ടു കൈകള്‍ക്കുള്ളിലാക്കി ഞാന്‍ ചുംബിച്ചു. എന്റെ രണ്ട് കൈകളിലും ഒതുങ്ങാത്തത്ര വലുപ്പമുള്ള കൈപ്പടമായിരുന്നത്. പോളണ്ടുകാരനായ ജോണ്‍പോള്‍ രണ്ടാമന് മാര്‍പ്പാപ്പ രണ്ടാം ലോകയുദ്ധകാലത്ത് ലേബര്‍ ക്യാമ്പില്‍ കരിങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യേണ്ടി വന്ന യുവാവാണ്. യുദ്ധകാല പീഡനങ്ങളുടെ അധ്വാനത്തഴമ്പു വീണ കൈകളില്‍ പിടിക്കാന്‍ അവസരം ലഭിച്ചതിന് സര്‍വ്വശക്തനു മനസ്സില്‍ നന്ദി പറഞ്ഞു. പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ നീങ്ങുകയും ലോക സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത് ചരിത്രത്തില്‍ ഇടം നേടിയ ജോണ്‍പോള്‍ രണ്ടാമനെ പിന്നീട് സഭ വിശുദ്ധനായി പ്രഖ്യാപിക്കുകയുണ്ടായി.
സെന്റ് പീറ്റേഴ്സ് സ്ക്വയറിനടുത്തുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് മാര്‍പ്പാപ്പ താമസിക്കുന്നത്. എല്ലാ ഞായറാഴ്ചയും ഉച്ചക്ക് 12 മണിക്ക് ഈ കെട്ടിടത്തിന്റെ ജാലകം തുറക്കുകയും മാര്‍പ്പാപ്പ താഴെ നില്‍ക്കുന്നവര്‍ക്ക് ദര്‍ശനം നല്‍കുകയും അവരെ ആശിര്‍വദിക്കുകയും ചെയ്യാറുണ്ട്.
കൗതുകകരമായ വേഷം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്ന സ്വിസ് ഗാര്‍ഡുകള്‍ക്കാണ് മാര്‍പ്പാപ്പയുടെ സംരക്ഷണച്ചുമതല. കറുപ്പും മഞ്ഞയും വരകളോടുകൂടിയ കുപ്പായവും ചുവന്ന പൂവോടു കൂടിയ കറുത്ത തൊപ്പിയും അണിഞ്ഞ സ്വിസ് ഗാര്‍ഡുകളുടെ കൈയ്യില്‍ ഒരറ്റം കൂര്‍ത്ത കുതിര രൂപത്തോടുകൂടിയകുന്തമുണ്ടായിരിക്കും. ഒറ്റ നോട്ടത്തില്‍ സര്‍ക്കസ് കോമാളിയെപ്പോലെ തോന്നിക്കുമെങ്കിലും ഇവരുടെ കൈയ്യില്‍ ആധുനിക യന്ത്രത്തോക്കുകള്‍ വരെയുണ്ടാകും. ആവേശം കയറി മാര്‍പ്പാപ്പയെ കയറിപ്പിടിക്കുന്നവരെയും ആക്രമിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെയും തടയേണ്ട ചുമതല ഇവര്‍ക്കാണ്. 1506ല്‍ ജൂലിയസ് രണ്ടാമന് മാര്‍പ്പാപ്പയാണ് സുരക്ഷാ ചുമതലയ്ക്കായി സ്വിസ് ഗാര്‍ഡ് സംവിധാനത്തിന് രൂപം നല്‍കിയത്.
ഇറ്റലിയ്ക്കകത്തു തന്നെയുള്ള കൊച്ചു രാജ്യമാണ് വത്തിക്കാന്‍. ടൈബര്‍ നദിക്കരയിലുള്ള ഈ രാഷ്ട്രത്തന്റെ പരമാധികാരിയാണ് മാര്‍പ്പാപ്പ. വിസ്തീര്‍ണം 0.4 ചതുരശ്ര കിലോമീറ്റര്‍ മാത്രം. ജനസംഖ്യ ആയിരത്തോളം മാത്രം. സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍, ചാപ്പലുകള്‍, വത്തിക്കാന്‍ കൊട്ടാരം, പൂന്തോട്ടം, മ്യൂസിയം, സൂപ്പര്‍മാര്‍ക്കറ്റ്, കുറച്ചു കെട്ടിടങ്ങള്‍ ഇത്രയുമായാല്‍ വത്തിക്കാനായി.
ഈ കുട്ടിരാജ്യത്തിന് സ്വന്തമായി തപാല്‍ സംവിധാനവും റെയില്‍വേസ്റ്റേഷനും പൊലീസ് സ്റ്റേഷനുമുണ്ട്. വത്തിക്കാന്‍ റേഡിയോ 34 ഭാഷകളില്‍ പ്രക്ഷേപണം നടത്തുന്നു. ‘ഒസര്‍വത്തോരെ റൊമാനോ’ ആണ് ഔദ്യോഗിക പത്രം. ഇത് വിവിധ ഭാഷകളില്‍ അച്ചടിക്കുന്നു. അമൂല്യ കലാ സൃഷ്ടികളുള്ള ചാപ്പലുകള്‍ വത്തിക്കാനിലുണ്ട്. ആഗോള കാത്തോലിക്കാ സഭയുടെ ഭരണം നിയന്ത്രിക്കുന്ന ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഇന്നു വത്തിക്കാനെന്ന് അറിയപ്പെടുന്ന സ്ഥലം പണ്ട് ചതുപ്പുനിലമായിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ക്രൈസ്തവരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ ശിഷ്യ പ്രമുഖനായ പത്രോസിനെ ഇവിടെയാണ് ക്രൂശിച്ച് വധിക്കുകയും സംസ്കരിക്കുകയും ചെയ്തത്. സഭാ സ്ഥാപകനായ പത്രോസിന്റെ പിന്‍ഗാമികളാണ് മാര്‍പ്പാപ്പമാര്‍. പത്രോസിന്റെ ശവകുടീരത്തിനു മുകളില്‍ തന്നെയാണ് സെന്റ് പീറ്റേഴ്സ് ബസലിക്ക നിര്‍മ്മിച്ചിരിക്കുന്നത്.
റോമന്‍ ചക്രവര്‍ത്തി കോണ്സ്റ്റന്റൈന് സ്ഥാപിച്ച ബസലിക്ക പല തവണ പുതുക്കിപ്പണിതു. 1657ല്‍ ലോക പ്രശസ്ത വാസ്തുശില്‍പ്പി ബെര്‍ണിനി പുതുക്കിപ്പണിതതാണ് ഇന്നു കാണുന്ന സെന്റ് പീറ്റേഴ്സ് സ്ക്വയര്‍.
പള്ളികളുടെ മുഖവാരത്തു നിന്ന് അര്‍ദ്ധവൃത്താകൃതിയില്‍ രണ്ടു വശത്തേക്കും തള്ളി നില്ക്കുന്ന രൂപത്തിലാണ് സെന്റ് പീറ്റേഴ്സ് സ്ക്വയര്‍. നാലു നിരകളിലായി 284 ഭീമന് തൂണുകള്‍ ഇതിനെ താങ്ങി നിര്‍ത്തുന്നു. നടുഭാഗത്ത് മുകളില്‍ കുരിശു രൂപമുള്ള ഈജിപ്ഷ്യന്‍ സ്തൂപം. മുകളില്‍ വശങ്ങളിലായി ശ്ലീഹന്മാരുടെയെും പുണ്യവാന്മാരുടെയും കൂറ്റന്‍ രൂപങ്ങള്‍. സ്ക്വയറില്‍ ബര്ണിനിയും മഡേര്നോയും രൂപം കൊടുത്ത രണ്ടു ജലധാരകളുമുണ്ട്.
ഗാംഭീര്യത്തിലും കലാചാതുരിയിലും സെന്റ് പീറ്റേഴ്സ് സ്ക്വയര്‍ വിശ്വപ്രസിദ്ധമാണ്. ബസലിക്കയുടെ മുക്കും മൂലയും മച്ചുമെല്ലാം ചിത്രപ്പണികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. കുരിശില്‍ നിന്നിറക്കിയ യേശുവിനെ മടിയില്‍ കിടത്തിയ മാതാവിനെ ചിത്രീകരിക്കുന്ന മൈക്കല്‍ ആഞ്ചലോയുടെ മാര്‍ബിള്‍ ശില്‍പ്പം ‘പിയെത്ത’ ഇവിടെയാണ്. ഒരു സന്ദര്ശകന് ചുറ്റിക കൊണ്ട് മാതാവിന്റെ മൂക്ക് ഇടിച്ചു തകര്‍ത്തതിനാല്‍ ശില്‍പ്പം ഗ്ലാസ് കൂടിലേക്ക് മാറ്റിയിരിക്കുന്നു. മൂക്ക് കലാകാരന്മാര് പഴയപടിയാക്കി.
ബസലിക്കയുടെ 120 മീറ്റര്‍ ഉയരമുള്ള താഴികക്കുടത്തിനു മുകളിലൂടെ കയറാന്‍ നീണ്ടു ചെരിഞ്ഞ കോണിപ്പടികളുണ്ട്. 325 പടികള്‍ നടന്നു കയറിച്ചെല്ലുമ്പോള്‍ കിട്ടുന്ന റോമാപ്പട്ടണത്തിന്റെ കാഴ്ച അതിമനോഹരം. നീണ്ടു പുളഞ്ഞൊഴുകുന്ന ടൈബര്‍ നദിയും ബസലിക്കകളുടെ ഗോപുരങ്ങളും ഉറുമ്പുകളെപ്പോലെ നീങ്ങുന്ന വാഹന നിരകളും പടി കയറിയതിന്റെ ക്ഷീണമകറ്റും.
ബസലിക്കയുടെ ഭൂഗര്‍ഭ നിലയിലേക്ക് പടികള്‍ ഇറങ്ങിച്ചെല്ലുന്നത് വിശുദ്ധ പത്രോസിന്റെ കബറിടത്തിലേക്കാണ്. ഇസ്രയേലില്‍ നിന്ന് ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കാനെത്തി ധീര രക്തസാക്ഷിയായ ആ വലിയ മുക്കുവന്റെ കബറിടം കണ്ടു വണങ്ങാന്‍ എപ്പോഴും തിരക്കാണ്. ഇതു കഴിഞ്ഞ് ചെല്ലുന്നത് ആദിമകാലം തൊട്ടുള്ള മാര്‍പ്പാപ്പമാരുടെ ശവകുടീരങ്ങളിലേക്കാണ്. അവരുടെ പേരുകളും കുടീരത്തില്‍ കുറിച്ചു വച്ചിരിക്കുന്നു.
ഇറ്റാലിയന്‍ കലയുടെ വസന്തം പൂത്തു നില്‍ക്കുന്നത് സിസ്റ്റൈന്‍ ചാപ്പലിലാണ്. മൈക്കല്‍ ആഞ്ചലോയുടേയും ഫ്ളോറന്‍സില്‍ നിന്നുള്ള കലാകാരന്മാരുടെയും ചുവര് ചിത്രങ്ങള്‍കൊണ്ട് അലംകൃതമായ ഈ ചാപ്പല്‍ സിക്സ്റ്റസ് നാലാമന് മാര്‍പ്പാപ്പയുടെ കാലത്തു നിര്‍മ്മിച്ചതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു.
നമ്മള് പുസ്തക കവറുകളിലും കലണ്ടറുകളിലും മാസികകളിലും കണ്ടു പരിചയിച്ചിട്ടുള്ള പല പെയിന്റിങ്ങുകളുടേയും ഒറിജിനല്‍ ഇവിടെയാണ്.
ആദാമിന്റെ സൃഷ്ടി, ആദിപാപം, ഹവ്വയുടെ സൃഷ്ടി, പ്രളയം പ്രവാചകന്മാര്, മോശ, യേശുവിനെ പിശാച് പരീക്ഷിക്കുന്നത്, ഒടുവിലത്തെ അത്താഴം, അന്ത്യ വിധി തുടങ്ങിയ വിശ്വപ്രസിദ്ധ പെയിന്റിങ്ങുകളാല്‍ ചാപ്പല്‍ ഭിത്തിയും മച്ചും അലങ്കരിക്കപ്പെട്ടിരിക്കുന്നു.
ഇറ്റലിയിലെ ഫ്ളോറന്‍സില്‍ നിന്നുള്ള കലാകാരന്മാരുടെ സംഘമാണ് മൈക്കല്‍ ആഞ്ചലോ, റോസല്ലി, ബോട്ടിസെല്ലി, പെറുഗ്വിനോ, സിഗ്നോ റെല്ലി തുടങ്ങിയ വിശ്വപ്രസിദ്ധ ശില്പ്പികളുടെ നേതൃത്വത്തില്‍ ചിത്ര രചന നടത്തിയത്.
മൂന്നു നില കെട്ടിടത്തിന്റെ താഴെ നിന്നു നോക്കുന്നതുപോലെയാണ് സിസ്റ്റൈന്‍ ചാപ്പലിന്റെ തറയില്‍ നിന്നു മുകളിലുള്ള പെയിന്റിങ്ങുകള്‍ വീക്ഷിക്കുമ്പോള്‍ അനുഭവപ്പെടുക. മുകളിലുള്ള വിശ്വോത്തര രചനകള്‍ കുറച്ചു നേരം നോക്കി നില്ക്കുമ്പോള് നമ്മുടെ കഴുത്തു വേദനിക്കും. സ്റ്റാന്റിലും മറ്റും മലര്‍ന്നു കിടന്ന് മാസങ്ങളും വര്‍ഷങ്ങളുമെടുത്ത് ഈ രചനകള്‍ പൂര്‍ത്തിയാക്കിയ ആ കലാകാരന്മാരുടെ പ്രതിഭയ്ക്കും അര്‍പ്പണ ബോധത്തിനും മുന്പില് തലകുനിക്കാതെ വയ്യ.
വര്‍ഷങ്ങളോളം മലര്‍ന്നു കിടന്നുള്ള പെയിന്റിങ്ങുകൊണ്ട് മൈക്കല്‍ ആഞ്ചലോയുടെ ആരോഗ്യം ക്ഷയിച്ചു, കാഴ്ച മങ്ങി. 33-ാം വയസ്സില്‍ ഈ ചാപ്പലില്‍ പെയിന്റിങ്ങു തുടങ്ങിയ മൈക്കല്‍ ആഞ്ചലോ 56-ാം വയസ്സിലാണ് പ്രശസ്തമായ ‘അന്ത്യവിധി’ യുടെ രചന ആരംഭിക്കുന്നത്. അനാരോഗ്യവും കാഴ്ചക്കുറവും അലട്ടിത്തുടങ്ങിയപ്പോള്‍ ആരംഭിച്ച ഈ സൃഷ്ടിയില്‍ അദ്ദേഹത്തിന്റെ മാനസിക നില പ്രതിഫലിപ്പിക്കുന്ന രീതിയില്‍ വിഷാദാന്തരീക്ഷം നിറഞ്ഞു നില്ക്കുന്നതായി കലാ നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നു.
അന്ത്യ വിധി നാളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന മനുഷ്യാത്മാക്കളുടെ നടുവില്‍ എഴുന്നെള്ളുന്ന യേശുവിനെയാണ് ‘അന്ത്യവിധി’ ചിത്രീകരിക്കുന്നത്. മങ്ങിയ വെളിച്ചത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിനു മുമ്പില്‍ ഏറെ നേരം വിസ്മയംപൂണ്ടു നിന്നു പോകും. 1536നും 1545നും ഇടയിലാണ് ‘അന്ത്യവിധി’ പെയിന്റിങ്ങ് നടന്നതെന്നു കരുതപ്പെടുന്നു.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര് മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.)
മാര്‍പ്പാപ്പയും വത്തിക്കാനും (വാടാമല്ലികള്‍ ഭാഗം 15)