ഡീപ് ഫേക്ക് വിഡിയോ നിര്‍മാണം എളുപ്പമാകും; മെറ്റ പ്ലാറ്റ്ഫോമുകളില്‍ പരസ്യം ചെയ്ത് എഐ കമ്പനികള്‍
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ചുള്ള ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിക്കുന്നതിനിടെ മെറ്റ പ്ലാറ്റ്ഫോമുകളില്‍ പരസ്യം ചെയ്ത് എഐ കമ്പനികള്‍. ആളുകള്‍ പരസ്പരം ചുംബിക്കുന്ന വീഡിയോ നിര്‍മ്മിക്കാം, ആളുകളുടെ വസ്ത്രങ്ങള്‍ ഇല്ലാതാക്കുന്ന വീഡിയോ നിര്‍മ്മിക്കാം തുടങ്ങിയ പേരുകളിലാണ് കമ്പനികളുടെ പരസ്യം. അടുത്തിടെ നടി പൂനം പാണ്ഡെയും യൂട്യൂബര്‍ സമയ് റെയ്നയും ചുംബിക്കുന്ന ഡീപ് ഫേക്ക് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
ഡീപ് ഫേക്ക് എഐ വിഡിയോകള്‍ ഉണ്ടാക്കുന്നത് എളുപ്പമാക്കുക, ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരസ്യമാണ്. എഡിറ്റിംഗിനെക്കുറിച്ച് ധാരണയില്ലാത്തവര്‍ക്ക് പോലും ചെയ്യാന്‍ പറ്റുന്നയത്ര എളുപ്പത്തിലാണ് ആപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.
സെലിബ്രറ്റീസാണ് ഇത്തരം വിഡിയോകള്‍ക്ക് മിക്കപ്പോഴും ഇരയാവുന്നത്. അടുത്തിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ ചുംബിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഐ വിഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
പരസ്പരം കണ്ടിട്ട് പോലുമില്ലാത്ത രണ്ട് വ്യക്തികളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് വിഡിയോകള്‍ നിര്‍മ്മിക്കാന്‍ ഇതുവഴി സാധിക്കും. ഈ വീഡിയോകള്‍ ആളുകളില്‍ പിന്നീട് പണം തട്ടാനോ ബ്ലാക്ക് മെയില്‍ ചെയ്യാനോ ഉപയോഗിക്കാറുണ്ട്. സെലിബ്രിറ്റികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കിടുന്ന ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം പേജുകളാണ് ഈ ചിത്രങ്ങള്‍ ആദ്യം പങ്കിടുന്നത്. വ്യാപകമായി പിന്നീട് ഇത് ഷെയര്‍ ചെയ്യപ്പെടാറുണ്ട്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ ലംഘിക്കാത്തതിനാല്‍ ഇത്തരം വിഡിയോകള്‍ പിന്‍വലിക്കപ്പെടാറില്ല.