ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ചെന്താമര പൊലീസിന് നല്‍കിയത്

ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ചെന്താമര പൊലീസിന് നല്‍കിയത്

പാലക്കാട്:നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വരുന്നത്.ഭാര്യയെ കൊല്ലാനായിരുന്നു ആദ്യലക്ഷ്യമിട്ടതെങ്കിലും ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനെ. തുടര്‍ന്നാണ് ശ്രദ്ധ സുധാകരനിലേക്ക് എത്തിയത്. 5 പേരെയാണു താന്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അതില്‍ 2 പേരെ മാത്രമേ ഇപ്പോള്‍ വകവരുത്തിയിട്ടുള്ളൂ എന്നും ഇയാള്‍ പൊലീസിനു മൊഴി നല്‍കി.പാലക്കാട് എലവഞ്ചേരിയില്‍ നിന്നും കൊടുവാള്‍ വാങ്ങിയത്. കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും പ്രതി പറഞ്ഞു. 2019ല്‍ മന്ത്രവാദി പറഞ്ഞതനുസരിച്ച് അയല്‍പക്കത്തുള്ള നീളമുള്ള മുടിയുള്ള സ്ത്രീയാണ് തന്റെ കൂടുംബ പ്രശ്‌നത്തിന് കാരണക്കാരിയെന്ന് കാരണത്താലാണ് അന്ന് അവരെ കൊലപ്പെടുത്തിയത്.എന്നാല്‍ മന്ത്രവാദികളെ കണ്ടിട്ട് മാസങ്ങളായെന്നാണ് പ്രതി ഇത്തവണ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ലോക്കപ്പിലെത്തിയ പ്രതി പൊലീസുകാരോട് ചോദിച്ചത് ചോറും, ചിക്കനുമായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത മെസ്സില്‍ പൊലീസ് ഇഡ്ഢലിയും ഓംലറ്റും വാങ്ങി നല്‍കി. രണ്ട് പേരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതി വളരെ ആസ്വദിച്ചാണ് ഭക്ഷണം കഴിച്ചത്. പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക് വളരെ വിശദമായി തന്നെ പ്രതി മറുപടി പറയുന്നുണ്ടായിരുന്നു. പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ ചെന്താമരയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ട് പ്രതിയെ കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ചെന്താമരയെ രണ്ടു രാത്രിയും രണ്ടു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണു പൊലീസ് പിടിച്ചത്. പോത്തുണ്ടി വനമേഖലയില്‍ ഒളിവിലായിരുന്ന പ്രതി വീട്ടിലേക്കു ഭക്ഷണം തേടി വരുന്നതിനിടെ ഇന്നലെ രാത്രി പത്തുമണിയോടെയാണു കസ്റ്റഡിയിലായത്. ഒട്ടും കുറ്റബോധമില്ലാത്ത ഭാവത്തിലായിരുന്നു ചെന്താമര.

നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെ പ്രതിക്കെതിരെ രോഷവുമായി ജനങ്ങളെത്തി. പ്രതിയെ കാണിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പേര്‍ തടിച്ചുകൂടിയതോടെ പൊലീസ് സ്റ്റേഷന്റെ ഗേറ്റും വാതിലും അടച്ചു. ജനം ഗേറ്റ് തല്ലിത്തകര്‍ത്ത് അകത്തു കയറിയതോടെ പൊലീസിനു ലാത്തിവീശേണ്ടി വന്നു. പൊലീസ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതായി നാട്ടുകാര്‍ പറഞ്ഞു. രാത്രിതന്നെ പൊലീസ് ചെന്താമരയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയെന്നു ഡിവൈഎസ്പി എന്‍.മുരളീധരന്‍ അറിയിച്ചു. ക്ഷീണിതനായിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളള്‍ ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. പ്രതി വിഷമോ മറ്റോ കഴിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു.

5 വര്‍ഷം മുന്‍പു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയാണു സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ കൊലപ്പെടുത്തിയത്. രണ്ടു ദിവസത്തില്‍ കൂടുതല്‍ ഭക്ഷണമില്ലാതെ ഇയാള്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു സഹോദരന്‍ പൊലീസിനു വിവരം നല്‍കിയിരുന്നു. നാട്ടിലെത്തിയാല്‍ പിടികൂടാന്‍ മഫ്തിയിലും പൊലീസിനെ വിന്യസിച്ചിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പി എന്‍.മുരളീധരന്റെ നേതൃത്വത്തില്‍ നൂറിലധികം പേര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു തിരച്ചില്‍ നടത്തിയത്.

ഇരട്ടക്കൊലയ്ക്കു കാരണമായ പൊലീസ് വീഴ്ചയില്‍ നെന്മാറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.മഹേന്ദ്രസിംഹനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിനു വീഴ്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് ഇന്‍സ്‌പെക്ടറെ ഉത്തരമേഖലാ ഐജി സസ്‌പെന്‍ഡ് ചെയ്തത്.പ്രതി ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും പ്രതിയില്‍ നിന്നു ഭീഷണിയുണ്ടെന്ന വീട്ടുകാരുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നും എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അതോടെ അന്വേഷണസംഘം ഏറെ പ്രതിരോധത്തിലായി. എങ്കിലും രാത്രി വൈകി പൊലീസ് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

 

 

ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ചെന്താമര പൊലീസിന് നല്‍കിയത്

Share

Leave a Reply

Your email address will not be published. Required fields are marked *