നാല് ജില്ലകളില്‍ വനിതാ അധ്യക്ഷ; 27 ജില്ലാ പ്രസിഡന്റുമാരെ ബിജെപി പ്രഖ്യാപിച്ചു

നാല് ജില്ലകളില്‍ വനിതാ അധ്യക്ഷ; 27 ജില്ലാ പ്രസിഡന്റുമാരെ ബിജെപി പ്രഖ്യാപിച്ചു

തൃശൂര്‍: 27 ജില്ലാ പ്രസിഡന്റുമാരെ ബിജെപി പ്രഖ്യാപിച്ചു. നാലിടത്ത്് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്‌മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്‌മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനം വഹിക്കുന്നവരെന്ന്് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു.

ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ബിജെപി ജില്ലാ പ്രസിഡന്റുമാര്‍. ജസ്റ്റിന്‍ ജേക്കബിനെ തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റായി നിയമിച്ചു. ബിജെപി ഭാരവാഹിത്വത്തില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 269 മണ്ഡലം പ്രസിഡന്റുമാരില്‍ 34 പേര്‍ വനിതകളാണ്. മറ്റു പാര്‍ട്ടികളില്‍ വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യമുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

ബിജെപിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും 14 മണ്ഡലം പ്രസിഡന്റുമാരുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 32 മണ്ഡലം പ്രസിഡന്റുമാരുണ്ട്. മറ്റു സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് യുവനേതാവ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കാനുള്ള തീരുമാനത്തെയും ബിജെപി പ്രസിഡന്റ് ന്യായീകരിച്ചു. പാര്‍ട്ടിയില്‍ ഭാരവാഹിത്വത്തിന് കൂടിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ പ്രായപരിധിയില്ല. എ കെ ആന്റണിക്ക് 32 വയസ്സില്‍ സംസ്ഥാന പ്രസിഡന്റ് ആകാമെങ്കില്‍, പ്രശാന്ത് ശിവന് 35 വയസ്സില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ആകുന്നതിന് എന്താണ് തടസ്സം. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റ് ആക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു പ്രശ്നവുമില്ലെന്നും, ആരും രാജിവെക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

 

നാല് ജില്ലകളില്‍ വനിതാ അധ്യക്ഷ;
27 ജില്ലാ പ്രസിഡന്റുമാരെ ബിജെപി പ്രഖ്യാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *