കല്‍പ്പറ്റ: വയനാട് മുട്ടില്‍ മലയില്‍ യുവാവിനെ പുലി ആക്രമിച്ചു.സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മല്‍ ചോലവയല്‍ വിനീതിന് (36) പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വിനീതിനെ നിസാര പരിക്കുകളോടെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാപ്പിത്തോട്ടത്തില്‍ വച്ച് അപരിചിതമായ ശബ്ദം കേട്ടപ്പോള്‍ പോയി നോക്കിയതാണ് വിനീത്. ഇതിനിടെ പെട്ടെന്ന് പുലി ചാടി വീഴുകയായിരുന്നു. കാപ്പി ചെടികള്‍ക്ക് മുകളിലായാണ് പുലി ചാടി വന്നതെന്നും ഭയന്ന് കൈ വീശിയപ്പോള്‍ ചെറുതായി പോറലേറ്റുമെന്നാണ് ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിനീത് പറയുന്നത്.എസ്റ്റേറ്റിലെ വാച്ചറായി ജോലി ചെയ്യുന്ന ആളാണ് ഇയാള്‍.പ്രദേശത്ത് മുന്‍പ് പലവട്ടം പുലിയെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ ഇന്നു രാവിലെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.