കല്‍പ്പറ്റ:പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. പിലാക്കാവ് ഭാഗത്ത് പുലര്‍ച്ചെ രണ്ടരോടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടത്.രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.38 ക്യാമറകളിലും പതിഞ്ഞ അതേ കടുവയാണ് ചത്തത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡന്റിഫിക്കേഷന്‍ മാര്‍ക്കുകള്‍ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.ഏഴ് വയസ് പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്. ശരീരത്തില്‍ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഴകിയതും പുതിയതുമായ മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. മരണകാരണം കണ്ടെത്താന്‍ വിശദമായ പോസ്റ്റ് മോര്‍ട്ടം നടത്തും.
വയനാട് പഞ്ചാരകൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ്
പുറപ്പെടുവിച്ചിരുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു.
ഇതിനിടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമണത്തില്‍ മരിച്ച രാധ. കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നത്. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേര്‍ന്നു തണ്ടര്‍ബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തിയത്.
പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി