കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നാഷണല്‍ കോ- ഓപ്പറേറ്റീവ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ (എന്‍സിഡിസി) നിന്ന് 100 കോടി രൂപ ഹ്രസ്വകാല വായ്പ അനുവദിച്ചു. 2021ല്‍ പുതിയ ഭരണ സമിതി ചുമതലയേറ്റത്തിന് ശേഷം നടത്തിയ ക്രിയാത്മകമായ പ്രവര്‍ത്തനഫലമായി ഉണ്ടായ ബിസിനസ് വളര്‍ച്ച, ചിട്ടയായ ലോണ്‍ വിതരണം, സുതാര്യമായ ഓഡിറ്റ് സംവിധാനം എന്നിവ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍സിഡിസി പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റിക്ക് വായ്പ അനുവദിച്ചത്. എന്‍സിഡിസി ഓഫീസില്‍ വെച്ച് എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍ ശ്രീധരന്‍ എന്‍.സി, പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍ ഡോ.എന്‍.ശ്രീരാം, സിഇഒ ശൈലേഷ് സി. നായര്‍, സി.ഒ.ഒ പൗസന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം ഒപ്പുവച്ചു.
കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈഡിന് ഇന്ത്യയില്‍ 16 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന അനുമതിയുണ്ട്. 43ല്‍ പരം ബ്രാഞ്ചുകളും ഒരു ലക്ഷത്തിനടുത്തു മെമ്പര്‍മാരുമുള്ള പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റി കഴിഞ്ഞ മുന്ന് വര്‍ഷമായി ലാഭകരമായി പ്രവര്‍ത്തിച്ചു വരുന്നു. 2024 ല്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ മെമ്പര്‍മാര്‍ക്ക് ഓഹരി മൂലധനത്തിന്മേല്‍ ലാഭ വിഹിതം വിതരണം ചെയ്തു. ഇത്തരത്തില്‍ ലാഭവിഹിതം വിതരണം ചെയ്യുന്ന സഹകരണ മേഖലയിലെ അപൂര്‍വം പ്രസ്ഥാനങ്ങളില്‍ ഒന്നാണ് പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിംഗ് കൂട്ടായ്മ നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ- ഓപ്പറേറ്റീവിസ് ബാങ്ക്സുമായി സഹകരിച്ച് ലഖ്‌നൗവില്‍ നടത്തിയ നാഷണല്‍ കോ- ഓപ്പറേറ്റീവ് കോണ്‍ക്ലേവില്‍ മികച്ച ക്രെഡിറ്റ് ഗ്രോത്ത്, മികച്ച ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവക്കുള്ള അവാര്‍ഡ് പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റിയാണ് കരസ്ഥമാക്കിയത്.
2027ല്‍ 3000 കോടി രൂപയുടെ ബിസിനസ്സും 5 ലക്ഷം മെമ്പര്‍മാരുമാണ് പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റി ലക്ഷ്യംവെക്കുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ചതും സുതാര്യവും ലാഭകരമായി പ്രവര്‍ത്തിക്കുന്നതും സമൂഹത്തിലെ സകല മേഖലകളിലും സാനിധ്യം ഉറപ്പിക്കുന്ന ഒരു സഹകരണ പ്രസ്ഥാനമായി മാറുക എന്നതാണ് പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് സിഇഒ ശൈലേഷ് സി. നായര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്ക്
100 കോടി ഹ്രസ്വകാല വായ്പ