കോഴിക്കോട്: ഹൃദയത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്കു മാത്രമായി സ്ട്രെക്ച്ചറല്‍ ഹാര്‍ട്ട് ആന്‍ഡ് വാല്‍വ് ഡിസീസസ് കേന്ദ്രം മേയ്ത്ര ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്ര സംവിധായകനും നടനുമായ ബേസില്‍ ജോസഫ് കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ചു.
ഹൃദയഘടനയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ അതിനൂതന ചികിത്സാരീതികളായ ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇമ്പ്‌ലാന്റേഷന്‍, മിട്രാക്ലിപ്പ് തുടങ്ങിയ ചികിത്സകള്‍ ഇതോടെ കേരളത്തിലും ലഭ്യമാവും. പതിറ്റാണ്ടുകളുടെ ചികിത്സാനുഭവമുള്ള ഡോ. ഷഫീഖ് മാട്ടുമ്മലിന്റെയും ഡോ. അനില്‍ സലീമിന്റെയും നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
കേരളത്തിലെ ആദ്യത്തെ സ്ട്രെക്ച്ചറല്‍ ഹാര്‍ട്ട് ആന്‍ഡ് വാല്‍വ് ഡിസീസസ് സെന്റര്‍ ആരംഭിക്കുന്നത് കോഴിക്കോടിന്റെ ആരോഗ്യസംരക്ഷണപ്രവര്‍ത്തന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ ഇ. കൊട്ടിക്കോളന്‍ പറഞ്ഞു.
നൂതനസാങ്കേതികവിദ്യകള്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിലൂടെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ മേയ്ത്രയിലൂടെ ജനങ്ങള്‍ക്ക് പ്രാപ്യമാക്കാനും സാധിക്കുമെന്ന് മേയ്ത്ര സി.ഇഒ. നിഹാജ് ജി. മുഹമ്മദ് പറഞ്ഞു.