കോഴിക്കോട്: ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്റെ (ഇംഹാന്‍സ്) ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ (63) അന്തരിച്ചു. തൊണ്ടയാടുള്ള വസതിയില്‍ ശനിയാഴ്ച രാവിലെ യായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് ഒമ്പത് മണിയ്ക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
ഡോ. പി.കൃഷ്ണകുമാറിന്റെ ആത്മാര്‍ത്ഥമായ പവര്‍ത്തനങ്ങളാണ് ഇംഹാന്‍സിനെ സംസ്ഥാനത്തെ മാതൃകാ പഠനഗവേഷണ ചികിത്സാകേന്ദമാക്കിയത്. ഇംഹാന്‍സിലൂടെ സാധാരണക്കാര്‍ക്കും മികച്ച മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പീഡിയായാട്രിക് സൈക്യാട്രിസ്റ്റായി ആതുരസേവനരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഡോ. കൃഷ്ണകുമാര്‍ ശ്രമിച്ചു. പരമ്പരാഗതരീതികളില്‍ നിന്ന് മാറി മാനസികാരോഗ്യചികിത്സയെ സാധാരണക്കാരില്‍ എത്തിച്ച നിരവധി മാതൃകാ പദ്ധതികളാണ് ഇദ്ദേഹത്തിനുകീഴില്‍ ഇംഹാന്‍സ് നടപ്പിലാക്കിയത്.
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ലക്ചററായി 1998 ലാണ് ജോലിയില്‍ പ്രവേശിച്ചത്. 2006 ല്‍ ഇംഹാന്‍സിന്റെ ഡയറക്ടറായി. ചികിത്സയും വൈദ്യശാസ്ത്രപഠനവും സ്വകാര്യവത്കരിക്കപ്പെടുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ നടത്തിയ ചരിത്രപ്രസിദ്ധമായ സമരങ്ങളുടേയും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ പരിഷ്‌കണങ്ങള്‍ക്കുവേണ്ടി നടന്ന സമരങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചു.
കണ്ണൂര്‍ പട്ടാന്നൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി കോഴിക്കോടായിരുന്നു താമസം. സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് ഡിസീസിലെ പ്രൊഫസര്‍ ഡോക്ടര്‍ ഗീത ഗോവിന്ദരാജാണ് ഭാര്യ. മകന്‍: അക്ഷയ് (എന്‍ജിനീയര്‍, അമേരിക്ക).