മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ.മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരക്കും ഒന്‍പതിനും ഇടയിലാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.കാപ്പിക്കുരു പറിക്കുന്നതിനിടെയാണ് യുവതിയെ കടുവ ആക്രമിച്ചത്. . ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്.ആക്രമണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കാടിനുള്ളിലാണ് മൃതദേഹം കണ്ടത്. മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആക്രമണമുണ്ടായതിനേത്തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ പ്രതിഷേധിക്കുകയാണ്. മന്ത്രി ഒ.ആര്. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കൂട്ടിലാക്കിയിരുന്നു. ഇതിന് തൊട്ടടുത്ത പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഒന്നിലധികം കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് യുവതിക്ക് നേരെ ഉണ്ടായ കടുവ ആക്രമണം.
കടുവാ ഭീതി വിട്ടൊഴിയാതെ വയനാട്; കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു