ന്യൂഡല്‍ഹി: വിമാന നിരക്ക് ഉത്സവ സീസണുകളിലുള്‍പ്പെടെ അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുകയും വിമാനത്താവളങ്ങള്‍ യാത്രക്കാരില്‍ നിന്ന് അമിതമായി യൂസര്‍ ഫീ ഈടാക്കുന്നതിലും എന്ത് നടപടിയാണ് വ്യോമയാന മന്ത്രാലയം കൈകൊണ്ടതെന്ന് ചെയര്മാന് കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ ചോദിച്ചു. ഇതെല്ലാം കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും അംഗങ്ങള്‍ അറിയിച്ചു. നിരക്ക് വര്‍ധന വിപണിയധിഷ്ഠിത മത്സരത്തിന്റെ ഭാഗമായുണ്ടാകുന്നുവെന്നല്ലാതെ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വിശദീകരിക്കാന്‍ വ്യോമയാന മന്ത്രാലയ സെക്രട്ടറിക്കോ ഡി.ജി.സി.എ.-എ.ഇ.ആര്.എ. ഡയറക്ടര്‍ക്കോ സാധിച്ചില്ല. വ്യോമയാന മന്ത്രാലയത്തിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും (ഡി.ജി.സി.എ.) എയര്‍പോര്‍ട്ട് എക്കണോമിക് റഗുലേറ്ററി അതോറിറ്റിയുടെയും (എ.ഇ.ആര്.എ.) നിസ്സംഗ നിലപാടിനെ കമ്മറ്റി എതിര്‍ത്തു. ഇക്കാര്യത്തില്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാവുമെന്ന് വ്യക്തമാക്കുന്ന കൃത്യമായ മറുപടി 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കമ്മിറ്റി ഇവരോട് ആവശ്യപ്പെട്ടു.റിപ്പോര്‍ട്ട് ലഭിച്ച ശേഷം കമ്മിറ്റി വീണ്ടും ഇവരെ വിളിച്ചുവരുത്തുമെന്നും
കെ.സി. വേണുഗോപാല്‍ പറഞ്ഞു.