കോഴിക്കോട്: ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതും എസ്.കെ.പൊറ്റക്കാട് ഉള്‍പ്പെടെയുള്ള മഹാരഥന്മാരുടെ പാദമുദ്ര പതിഞ്ഞതുമായ ചരിത്ര പ്രാധാന്യമുള്ള സെന്‍ട്രല്‍ ലൈബ്രറി തകര്‍ക്കാനുള്ള നീക്കം ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഗ്രോവാസു പറഞ്ഞു. സാഹിത്യ നഗരമായ കോഴിക്കോട് ലൈബ്രറി സംരക്ഷിക്കാന്‍ സമരം നടത്തേണ്ടി വരുന്നത് നാണക്കേടാണ്. ലൈബ്രറി സൗകര്യം വെട്ടിച്ചുരിക്കി, കച്ചവട കേന്ദ്രമാക്കി പണം കൊള്ളയടിക്കാനുള്ള നീക്കത്തിനെതിരെ എന്ത് വില കൊടുത്തും പോരാടും. 1946 മുതല്‍ ഈ ലൈബ്രറിയില്‍ വന്ന് വായിക്കുന്ന ഒരാളായിരുന്നു താനെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. മുന്‍ കാലത്ത് വായിക്കാന്‍ ലൈബ്രറിക്കകത്ത് വിശാലമായ സൗകര്യമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വരാന്തയിലേക്ക് മാറ്റിയിരിക്കുകയാണ്.ലൈബ്രറിയുടെ ബില്‍ഡിംഗിലൂടെ ലാഭക്കച്ചവടം നടത്താനാണ് ശ്രമിക്കുന്നത്. ഇതുവഴി ലൈബ്രറി കൗണ്‍സിലും, കോര്‍പ്പറേഷനും സാഹിത്യകാരന്മാരെയും, വായനക്കാരെയും അപമാനിക്കുകയാണ്. സംഘപരിവാറാണ് ഇത്തരം പ്രവര്‍ത്തി ചെയ്യുന്നതെങ്കില്‍ നമുക്ക് മനസ്സിലാക്കാമായിരുന്നു. അവര്‍ മനുഷ്യ സമൂഹത്തെ പിന്നോക്കം നയിക്കുന്നവരാണ്. കമ്മ്യൂണിസ്റ്റ്കാരെന്ന് പറയുന്നവരാണ് ഇത്തരം നെറികേട് ചെയ്യുന്നതെന്ന് പറയുന്നതില്‍ ലജ്ജയുണ്ട്. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുന്നതാണ് നല്ലത്. ലൈബ്രറി സംരക്ഷണത്തിനു വേണ്ടി ഈ 96-ാം വയസ്സിലും ഏതറ്റം വരെയും സമരം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കലാ-സാംസ്‌കാരിക സംയുക്ത വേദി ലൈബ്രറിക്കു മുന്നില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സലാം വെള്ളയില്‍ അധ്യക്ഷത വഹിച്ചു. സക്കരിയ്യ പള്ളിക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.പാലത്ത് ഇമ്പിച്ചിക്കോയ. സത്യജിത്ത് പണിക്കര്‍, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍, സംഗീത് ചേവായൂര്‍, എന്നിവര്‍ സംസാരിച്ചു. രാമദാസ് വേങ്ങേരി സ്വാഗതവും, പി.ടി.അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
സെന്‍ട്രല്‍ ലൈബ്രറിയെ തകര്‍ക്കരുത്; ഗ്രോവാസു