വിലങ്ങാട്ട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ക്ക് അടുത്ത മാസം തറക്കല്ലിടും; ഷാഫി പറമ്പില്‍

വിലങ്ങാട്ട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ക്ക് അടുത്ത മാസം തറക്കല്ലിടും; ഷാഫി പറമ്പില്‍

കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട്ട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ക്ക് പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ അടുത്ത മാസം തന്നെ തറക്കല്ലിടുമെന്ന് ഷാഫി പറമ്പില്‍ എംപി. വിലങ്ങാടിന് നീതി വേണം എന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

”ദുരന്തബാധിതര്‍ക്കൊപ്പം കോണ്‍ഗ്രസുണ്ടാകും. ദുരന്തം മുന്നില്‍കണ്ട് ആളുകള്‍ മാറിയതുകൊണ്ടാണ് ഒരുപാട് ജീവന്‍ നഷ്ടപ്പെടാതിരുന്നത്. എന്നാല്‍ വിലങ്ങാട് വലിയ ദുരന്തമുണ്ടായി. പുനരധിവാസത്തില്‍ വിലങ്ങാടിനോട് കാണിക്കുന്ന അവഗണന അംഗീകരിക്കാന്‍ പറ്റില്ല. സര്‍ക്കാരിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയാണ് യുഡിഎഫ് ചെയ്തത്. രാഷ്ട്രീയപ്രേരിതമായി ഒരു സമരം പോലും നടത്തിയില്ല.

വിവിധ സംഘടനകളും മത നേതൃത്വങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇവരുമായി ഒരു ചര്‍ച്ച പോലും നടത്താന്‍ ഇതുവരെ സര്‍ക്കാര്‍ തയാറായില്ല. അതിനാല്‍ പ്രഖ്യാപിച്ച വീടുകള്‍ അടുത്ത മാസം മുതല്‍ കോണ്‍ഗ്രസ് സ്വന്തം നിലയ്ക്കു നിര്‍മാണം തുടങ്ങും. നാടിനെ അനാഥമാക്കാന്‍ അനുവദിക്കില്ല. അന്യായമായി ആരും ഒന്നും ചോദിച്ചു വന്നിട്ടില്ല. വിലങ്ങാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. നഷ്ടങ്ങള്‍ സഹിച്ച് ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും ഷാഫി പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ വീടു നഷ്ടപ്പെട്ടവരും വീടുകള്‍ വാസയോഗ്യമല്ലാതായവരുമായി നൂറ്റന്‍പതോളം പേരാണ് കലക്ടറേറ്റില്‍ സമരത്തിനെത്തിയത്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലുണ്ടായ ജൂലൈ 30നാണ് വിലങ്ങാടും ഉരുള്‍പൊട്ടിയത്. ചൂരല്‍മലയില്‍ നല്‍കുന്ന അതേ സഹായങ്ങള്‍ വിലങ്ങാടും നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും നടപടിയായില്ല.

 

വിലങ്ങാട്ട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ക്ക്
അടുത്ത മാസം തറക്കല്ലിടും; ഷാഫി പറമ്പില്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *