പി. സൈനുദ്ദീന്‍
എന്റെ രാഷ്ട്രീയ ഗുരുനാഥന്‍, പിതൃതുല്യന്‍, കുടുംബ സുഹൃത്ത്, സഹോദരന്‍,സഖാവ്…. എല്ലാമായിരുന്നു. ഏഴുപതിറ്റാണ്ട് കാലം വയനാട് ജില്ലയിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നപി.എ.മുഹമ്മദ് എന്ന സ: പി എ.
1968 ല്‍ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം. മലയാളം പ്ലാന്റേഷന്‍ കമ്പനിയുടെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ കടൂര്‍ എസ്റ്റേറ്റിലെ ഓഫീസിന് മുമ്പില്‍ തൊഴിലാളികളുടെ പിക്കറ്റിംഗ് സമരം.സ്ത്രീകള്‍ ഉള്‍പ്പടെ വലിയ പങ്കാളിത്തം. വമ്പിച്ച പോലീസ് സന്നാഹം. കാണാന്‍ നാട്ടുകാരും ഞങ്ങളെപ്പോലുള്ള നിരവധി കുട്ടികളും.തോട്ടം തൊഴിലാളികള്‍ മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നു. ഞങ്ങളും ഏറ്റു വിളിച്ചു. തൊഴിലാളികളുടെ നേതാവായ പി എ പ്രസംഗിക്കുന്നു. കുറിക്ക് കൊള്ളുന്നതും നര്‍മ്മരസം കലര്‍ന്നതുമായ പ്രയോഗങ്ങള്‍. മാനേജ്‌മെന്റിന് ശക്തമായ താക്കീത്.
സമരവും,മുദ്രാവാക്യം വിളിയും, പ്രസംഗവുമെല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.പിന്നീട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനാകാനും, രാഷ്ടീയ രംഗത്ത് സജീവമാകാനും ഇത് പ്രചോദനമായിട്ടുണ്ട്.
വിദ്യാര്‍ത്ഥി – യുവജനരംഗത്ത് സജീവമായി വരവെ കോളേജില്‍ നിന്ന് പ്രീ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സമയം 1975 ജൂണ്‍ 10 ന് യാദൃഛികമായി മേപ്പാടിയില്‍ വെച്ച് പി.എയെ കണ്ടു. ഉടന്‍ എന്നോട് സൈനൂ എന്താ നിന്റെ പരിപാടി ?
ഞാന്‍ പറഞ്ഞു പ്രത്യേകിച്ചൊന്നുമില്ല. എന്തെങ്കിലുമൊക്കെ നോക്കണം. ഉടനെ എന്നോട് നീ മാനന്തവാടിയില്‍ പോയ്ക്കാ. അവിടെ നമ്മുടെ ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒരാള് വേണം എന്താ ? മറിച്ചൊന്നും പറയാന്‍ കഴിയാത്ത വിധമുള്ള ഒരാത്മ ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു! നാളെ തന്നെ പോയ്‌ക്കോ വണ്ടിക്കൂലിയായിഒരു രണ്ട് രൂപ എടുത്തു തന്നു. ഞാന്‍ തൊട്ടടുത്ത ദിവസം ജൂണ്‍ 12 ന് മാനന്തവാടിയിലെത്തി ഓഫീസിന്റെ ചുമതല ഏറ്റെടുത്തു. രണ്ടാഴ്ച്ച കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.പിന്നെ പറയണ്ടല്ലോ? 19 മാസം അടിയന്തിരാവസ്ഥ കഴിയുന്നത് വരെ അവിടെ തുടര്‍ന്നു. 1977 മാര്‍ച്ചിലെ തെരഞ്ഞടുപ്പോടെ സജീവ രാഷ്ടീയത്തില്‍. ഓഫീസിലെ അനുഭവങ്ങള്‍ കൂടുതല്‍ കരുത്തായി.
1979 ലെ മേപ്പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ്.എന്റെ പ്രദേശമുള്‍ക്കൊള്ളുന്ന കടൂര്‍ വാര്‍ഡ് – 8 ല്‍ പി എ സ്ഥാനാര്‍ത്ഥി . ഞാന്‍ തെരഞ്ഞെടുപ്പ്കമ്മിറ്റി സെക്രട്ടറി . യുഡിഎഫി ന് സ്വാധീനമുള്ള വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം വോട്ട് പിടിക്കാന്‍ പോയപ്പോഴുളള രസകരമായ അനുഭവങ്ങള്‍!
പി എ ജയിച്ചു. 13 അംഗങ്ങളുള്ള അവിഭക്ത മേപ്പാടി പഞ്ചായത്തില്‍ 7 പേര്‍ എല്‍ഡിഎഫി ല്‍. പി.എ മുഹമ്മദ്, വി.പി.ശങ്കരന്‍ നമ്പ്യാര്‍, വി .കെ.കുഞ്ഞിക്കണ്ണന്‍, ജോസഫ് , ഗോംസ് ബാബു, രാമകൃഷ്ണന്‍, ബാവ വൈദ്യര്‍എന്ന എന്‍. അബ്ദുറഹിമാന്‍ എന്നിവര്‍. പി.എ പഞ്ചായത്ത് പ്രസിഡണ്ടുമായി.
കാല്‍നൂറ്റാണ്ടിലേറെകാലം ജില്ലയിലെ പ്രസ്ഥാനത്തിന് നായകത്വം നല്‍കിയ പി എയുടെ കൂടെ ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഒരു വലിയ ഭാഗ്യമയി കാണുന്നു.
കറകളഞ്ഞ കമ്യൂണിസ്റ്റ്, ലളിതമായ ജീവിത ശൈലി.പ്രത്യയ ശാസ്ത്ര ദൃഡത, സംഘടനാ രംഗത്ത് ഉറച്ച നിലപാടുകള്‍,
തന്റേതായ അഭിപ്രായങ്ങള്‍ നിര്‍ഭയം വെട്ടിത്തു പറയുന്ന, സ്വാര്‍ത്ഥതയില്ലാത്ത, അവസരവാദിയല്ലാത്ത, ജാടകളില്ലാത്ത,പകയില്ലാത്ത,പരിഭവമില്ലാത്ത, അധികാരമോഹമില്ലാത്ത അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നമിക്കുന്നു.
ജീവിതത്തിലൊരിക്കല്‍ കണ്ണീര്‍ കാണാന്‍ ഇടയായത് വേദനയോടെ ഓര്‍ക്കുന്നു.
ചില സംഭാഷണത്തിനിടെ കണ്ണുകള്‍ നിറഞ്ഞ് പുറത്തേക്കൊഴുകിയ കണ്ണീര്‍ തുള്ളികള്‍ തന്റെ കൈകൊണ്ട് തുടച്ച്, ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചില്ല സൈനു പൊട്ടിക്കരഞ്ഞു കൊണ്ട് പി എ പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.
നിസ്വാര്‍ത്ഥനയായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് കണ്ണ്‌നീര്‍ പൊഴിക്കേണ്ടി വന്നത് ആദ്യമായി കാണാന്‍ ഇടവന്നല്ലോ എന്നതിലുള്ള വിഷമം ഇനിയും തീര്‍ന്നിട്ടില്ല.
കാലത്തിന് കണക്ക് ചോദിക്കാതെ കടന്ന് പോകാന്‍ കഴിയില്ലല്ലോ?
സൈനൂ എന്ന വിളിയില്‍ ഒരു പിതാവിന്റെ വാത്സല്യമുണ്ട്,
ഒരു സഖാവിന്റെ ആത്മബന്ധമുണ്ട്, ഒരു കുടുംബ സുഹൃത്തിന്റെ സൗഹൃദമുണ്ട്, ഒരു സഹോദരന്റെ സ്‌നേഹമുണ്ട്,
ഒരു സഖാവിന്റെ ചേര്‍ത്തുപിടിക്കലുണ്ട്.
ഒരുമിച്ചുള്ള പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഒരു പാട് വിമര്‍ശിച്ചിട്ടുണ്ട്, പ്രതിഷേധിച്ചിട്ടുണ്ട്,ശക്തമായി എതിര്‍ത്തിട്ടുണ്ട്,വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്,
ശാസിച്ചിട്ടുണ്ട്, ഉപദേശിച്ചിട്ടുണ്ട് പക്ഷെ, ഒരിക്കല്‍പ്പോലും പിണങ്ങിയിട്ടില്ല!
മനുഷ്യ സ്‌നേഹത്തിന്റെ മൂര്‍ത്തിമത് ഭാവമാണ് പാര്‍ട്ടി എന്നത് അനുഭവത്തിലൂടെ കാണിച്ചു തന്നു.
ഒരു പ്രത്യയ ശാസ്ത്രത്തിനും, ഒരു പ്രസ്ഥാനത്തിനും വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ പ്രവര്‍ത്തിച്ച അങ്ങയെ
മറക്കാന്‍ കഴിയില്ല സഖാവെ, ഓര്‍മ്മിക്കും എന്നുമെന്നും, സ്മരണാജ്ഞലി.