മെക്സെവന്‍ എക്സൈസിനെ വിവാദത്തിലേക്ക് നയിക്കുന്നവരുടെ ലക്ഷ്യം എന്തുതന്നെയായാലും സദുദ്ദേശപരമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ നാട്ടില്‍ ഇതുവരെ ഒരു മതസംഘടനകള്‍ക്കോ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പടുത്തുയര്ത്താനാവാത്ത ഒരു ജനകീയ പ്രസ്ഥാനമായി മെക്സെവന്‍ മാറുകയാണ്. ഈ പ്രസഥാനത്തിന്റെ സ്ഥാപകന്‍ പി.സലാഹുദ്ദീന് തന്നെ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത് മെക്സെവന്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയ-മത താല്‍പ്പര്യങ്ങളില്ലെന്നും, പൊതുജനാരോഗ്യ സംരക്ഷണന്നിന് വേണ്ടി ആവിഷ്ക്കരിച്ച എക്സൈസ് മുറയാണ് മെക്സെവന്എന്നാണ്. ഇതിന്റെ നടത്തിപ്പ്, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് ഏത് അന്വേഷണ ഏജന്‍സികള്‍ക്കോ, പത്ര മാധ്യമങ്ങള്‍ക്കോ അന്വേഷിക്കാമെന്നാണ്. കാര്യങ്ങള്‍ ഇത്രയും തുറന്ന് അദ്ദേഹം പറയുമ്പോള്‍ ബന്ധപ്പെട്ടവരെല്ലാം അത് പരിശോധിക്കട്ടെ. മെക്സെവനെക്കുറിച്ച് ആദ്യ ആരോപണമുന്നയിച്ചത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ്. അദ്ദേഹം പറഞ്ഞത് മെക്സെവന്‍ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും, ജമാഅത്തെ ഇസ്ലാമിയുമാണെന്നാണ്. ഈ ആരോപണത്തെ പിന്തുണച്ച് കാന്തപുരം, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹിമാന് സഖാഫിയും, തുടര്‍ന്ന് സ്വാമി ചിദാനന്ദ പുരിയും ബിജെപിയും രംഗത്തെത്തി.താനുന്നയിച്ച ആരോപണത്തില്‍ നിന്ന് പി.മോഹനന് പിന്മാറുകയും തന്റെ പ്രസ്താവന, മുസ്ലിം തീവ്രവാദ സംഘടനകള്‍ മെക്സെവനിലേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ തിരുത്ത്. ഇപ്പോള്‍ കാന്തപുരം സുന്നി നേതൃത്വം മെക്സെവനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. അവര്‍ പറയുന്നത് സ്ത്രീകളും, പുരുഷന്മാരും ഒന്നിച്ച് വ്യായാമം ചെയ്യുന്നത് ഇസ്ലാം അനുശാസിക്കുന്ന രീതിയല്ലെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പിന്പറ്റുന്നവര് അത് പിന്‍പറ്റട്ടെ.
സ്ത്രീയും പുരുഷനും ഒന്നിച്ച് എക്സൈസ് ചെയ്യുന്നത് തെറ്റാണെന്ന് വാദിക്കുന്നവര്‍, സമൂഹത്തിന്റെ എല്ലായിടങ്ങളിലും സ്ത്രീയും, പുരുഷനും ഒന്നിച്ച് ജീവിക്കുന്നത് കാണുന്നില്ലേ? കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതും സ്പോര്‍ട്സ്-കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നതും, ബസ്സിലും, ട്രെയിനിലും, വിമാനത്തിലും ആണും പെണ്ണും ഒന്നിച്ച് യാത്ര ചെയ്യുന്നതും കാണുന്നില്ലേ. വാഹനങ്ങളില്‍ മത നേതാക്കള്‍ സഞ്ചരിക്കുമ്പോള്‍ അവിടെ സ്ത്രീകളും ഒപ്പം യാത്ര ചെയ്യുന്നത് കാണാറില്ലേ. ആണും പെണ്ണും ഒന്നിച്ച് ചേരുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് വാദിക്കുന്നവര്‍ക്ക് ഇത്തരം ഇടങ്ങളില്‍ നിന്ന് വിട്ട് നിന്ന് ജീവിക്കാനാവുമോ?
ഒരു കാലത്ത് മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടയിട്ടവരാണ് ഈ പറഞ്ഞ മത നേതൃത്വങ്ങള്‍.ഇസ്ലാം മതത്തിലെ സാമൂഹ്യ പരിഷ്ക്കര്‍ത്താവായിരുന്ന വക്കം മൗലവിയെ പോലുള്ള വ്യക്തികളും, സി.എച്ച്.മുഹമ്മദ് കോയയെപോലുള്ള ഭരണകര്‍ത്താക്കളുമാണ് മുസ്ലിം പെണ്‍കുട്ടികള്‍ ഇന്നനുഭവിക്കുന്ന ഉയര്‍ന്ന ജീവിത നിലവാരത്തിനും, വിദ്യാഭ്യാസത്തിനും അടിത്തറ പാകിയത്. മതങ്ങളുടെ പേരില്‍ അനാചാരങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് ഇത്തരം കൂട്ടായ്മകള്‍ നാടിനാവശ്യമാണ്.
കോവിഡ് എന്ന മഹാമാരി ലോകത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ഒരു മത നേതൃത്വങ്ങളേയോ, ആള് ദൈവങ്ങളേയോ ലോകം കണ്ടില്ല. അവരെല്ലാം സ്വന്തം തടി രക്ഷിക്കാന്‍ മാളത്തിലൊളിച്ചിരിക്കുകയായിരുന്നു. അവിടെ ശാസ്ത്രമാണ് മനുഷ്യരക്ഷക്കെത്തിയത്.
വ്യായാമം ചെയ്യുക എന്നത് ശാസ്ത്രീയമായ ജീവിത രീതിയാണ്. ചിട്ടയായ ജീവിത ശൈലിയും, വ്യായാമവും ശീലമാക്കി നല്ല മാനസികാരോഗ്യമുള്ള സമൂഹമാണ് നമ്മള് വളര്‍ത്തിക്കൊണ്ട് വരേണ്ടത്.
അത് പിന്തുടരുക തന്നെ വേണം. വ്യായാമത്തോടൊപ്പം കക്ഷി രാഷ്ട്രീയ-മത ഭിന്നതകളില്ലാത്ത കൂട്ടായ്മകളും വളര്‍ന്നു വരുന്നതും നാടിന് ഗുണകരം തന്നെയാണ്.
സമീപ കാലത്താണ് സമസ്തയുടെ വേദിയില്‍ നിന്ന് പെണ്‍കുട്ടിയെ അപമാനിച്ചയച്ച സംഭവമുണ്ടായത്. അര്‍ദ്ധരാത്രിയില്‍ സ്ത്രീക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുമ്പോഴാണ് ആ സമൂഹം നന്നാവുക എന്ന് പ്രഖ്യാപിച്ച പ്രവാചകന് മുഹമ്മദ് നബിയുടെയും ഖുര്‍ആന്റെയും പേരില്‍ തന്നെവേണം മുസ്ലിം സ്ത്രീകളെ നിങ്ങള്‍ വിലക്കാന്‍. ഇത്തരം സങ്കുചിത വാദഗതികളെയെല്ലാം തള്ളിക്കളയാന്‍ സമൂഹം വളര്‍ന്നു എന്നത് എല്ലാവരും മനസ്സിലാക്കുന്നതാണ് ഉത്തമം.
ആരോഗ്യ രംഗത്ത് കേരളം മുന്നേറിയിട്ടുണ്ടെങ്കിലും ജനങ്ങളില്‍ വലിയ വിഭാഗം രോഗ ഗ്രസ്തരാണ്. വര്‍ദ്ധിച്ചു വരുന്ന മാരക രോഗങ്ങള്‍, ജീവിത ശൈലീ രോഗങ്ങള്‍ എല്ലാം കൊണ്ടും പൊറുതി മുട്ടുന്ന ഒരു സമൂഹമായി കേരളം മാറാതിരിക്കാനാണ് ചിട്ടയായ വ്യായാമത്തിലൂടെ ആരോഗ്യ സംരക്ഷണമെന്ന ആശയം മുന്നോട്ട് വെക്കുന്നതെന്ന് മെക്സെവന്റെ ഭാരവാഹികള്‍ പറയുന്നത്.
എല്ലാ പ്രഭാതങ്ങളിലും ഒരു പ്രദേശത്തെ ജനങ്ങള്‍ ഒന്നിക്കുകയും 20 മിനുട്ട് വ്യായാമം ചെയ്യുകയും, അവര്‍ പരസ്പരം സ്നേഹാശംസകള്‍ അറിയിക്കുകയും ചെയ്യുന്നതില്‍ തെറ്റ് കാണുന്നവര്‍ സ്വയം പരിശോധിക്കട്ടെ. മനുഷ്യരോട് കൂടിച്ചേര്‍ന്ന് വ്യായാമം ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുന്ന മത നേതൃത്വങ്ങള്‍, മനുഷ്യരുടെ അടിസ്ഥാന ജീവിത വിഷയങ്ങള്‍ പരിഹരിക്കാന്‍ രംഗത്ത് വരാറുണ്ടോ. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട മനുഷ്യരുടെ ജീവിത വൈഷമ്യങ്ങള്‍ പരിഹരിക്കാന്‍ മത നേതൃത്വങ്ങള്‍ എന്ത് ഇടപെടലാണ് നടത്തുന്നത്. ഭരിക്കുന്ന കക്ഷികള്‍ക്ക് ഓശാന പാടി കാര്യസാധ്യം നേടുന്നവരാണ് മതനേതൃത്വങ്ങളില്‍ വലിയൊരു പങ്കും. തങ്ങള്‍ കല്‍പ്പിക്കുന്നതെല്ലാം ദൈവ വചനമാണെന്ന് വരുത്താനുള്ള ശ്രമങ്ങളൊന്നും സ്വയം ബുദ്ധിയുള്ള മനുഷ്യര്‍ ചെവികൊള്ളില്ലെന്ന തിരിച്ചറിവും നേതൃത്വങ്ങള്ക്കുണ്ടാവുന്നത് നന്നായിരിക്കും.സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാവരും സാഹോദര്യത്തോടെ ജീവിക്കട്ടെ. മതത്തിന്റെ പേരിലുള്ള അനാവശ്യ കല്‍പ്പനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പരിഷ്കൃത ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നത് കൂടി മറക്കരുത്.