വാഷിങ്ടന്‍: പദവിയില്‍ തിരിച്ചെത്തിയാല്‍, നിര്‍ണായകമായ നടപടികള്‍ സ്വീകരിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡോണാല്‍ഡ് ട്രംപ്.യു.എസിന്റെ 47-ാമത് പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഡോണാള്‍ഡ് ട്രംപ്, രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തിലും ശക്തിയിലും പരിഹാരമുണ്ടാക്കുമെന്നു ം പ്രഖ്യാപിച്ചു.സത്യപ്രതിജ്ഞയ്ക്കു മുന്‍പായി നടന്ന വിജയറാലിയിലാണു ട്രംപിന്റെ അവകാശവാദം. രണ്ടാം തവണയാണു ട്രംപ് പ്രസിഡന്റാകുന്നത്.
‘നമ്മുടെ രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയും, ചരിത്രപരമായ വേഗതയിലും ശക്തിയിലും പ്രവര്‍ത്തിച്ചു ഞാന്‍ പരിഹരിക്കും. അതിര്‍ത്തികളിലെ കടന്നുകയറ്റം നമ്മള്‍ അവസാനിപ്പിക്കും.” വാഷിങ്ടന്‍ അരീനയിലെ ജനക്കൂട്ടത്തോടായി ട്രംപ് പറഞ്ഞു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമാക്കി പരിശോധനകള്‍ ആരംഭിക്കാനാണു പദ്ധതിയെന്നും ട്രംപ് സൂചിപ്പിച്ചു. സ്ഥാനമൊഴിയുന്ന ജോ ബൈഡന്റേത് പരാജയപ്പെട്ട സര്‍ക്കാര്‍ ആയിരുന്നെന്നും ആരോപിച്ചു. ജോ ബൈഡന്റെ വിവിധ നയങ്ങളെ റദ്ദാക്കുന്ന ഒട്ടേറെ ഉത്തരവുകള്‍ ആദ്യ ദിവസം തന്നെ ഇറക്കാനാണ് സാധ്യത. എണ്ണഖനനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതിലുള്‍പ്പെടും. വിഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കും പ്രതീക്ഷയിലാണ്. ‘നമുക്കു ടിക് ടോക്കിനെ രക്ഷിക്കണം’ എന്നാണു റാലിയില്‍ ട്രംപ് പറഞ്ഞത്. ഗാസയില്‍ വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ ബൈഡന്റെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ട്രംപിന്റെ സംഘവും പങ്കാളികളായിരുന്നു.
‘സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍’ വകുപ്പിന്റെ ചുമതലയുള്ള വ്യവസായിയുമായ ഇലോണ്‍ മസ്‌കും ട്രംപിനൊപ്പം വേദി പങ്കിട്ടു. നടന്‍ ജോണ്‍ വോയ്റ്റ്, സംഗീതജ്ഞന്‍ കിഡ് റോക്ക് തുടങ്ങിയ സെലിബ്രിറ്റികളും വേദിയിലുണ്ടായിരുന്നു. കടുത്ത തണുപ്പിലും ട്രംപിനു പിന്തുണയുമായി അനുയായികളുടെ നീണ്ട നിരയാണ് അണിനിരന്നത്.യുഎസ് സൈനികരുടെ അന്ത്യവിശ്രമസ്ഥലമായ ആര്‍ലിങ്ടന്‍ സെമിത്തേരി ട്രംപ് സന്ദര്‍ശിച്ചു. കറുത്ത ഓവര്‍കോട്ട്, ചുവന്ന ടൈ, കറുത്ത കയ്യുറ എന്നിവ ധരിച്ചെത്തിയ അദ്ദേഹം സൈനികരുടെ ശവകുടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് അനുഗമിച്ചു. അമേരിക്കയുടെ സുവര്‍ണയുഗത്തിലേക്കു നമ്മള്‍ പ്രവേശിക്കുകയാണെന്നു ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലൈന്‍ ലെവിറ്റ് പറഞ്ഞു.
പദവിയില്‍ തിരിച്ചെത്തിയാല്‍, നിര്‍ണായകമായ
നടപടികള്‍ സ്വീകരിക്കും; ട്രംപ്