തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധി കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്‍ സ്വാമിക്ക് പുതിയ സമാധി സ്ഥലം ഒരുക്കിയിയതായി മകന്‍ അറിയിച്ചു.ഗോപന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് വീട്ടില്‍ എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മഹാസമാധിയായി സംസ്‌കാരം നടത്തുമെന്ന് മകന്‍ സനന്ദന്‍ പറഞ്ഞു. മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മകന്‍ സനന്ദന്‍ പറഞ്ഞു. പൊളിച്ച കല്ലറക്ക് സമീപമാണ് ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിര്‍മിച്ചിട്ടുള്ളത്. മഹാ സമാധി വിപുലമായി നടത്തുമെന്ന് വിഎസ്ഡിപി നേതാവ് ചന്ദ്രശേഖരന്‍ പറഞ്ഞു.അസ്വാഭാവികമായി മരണത്തില്‍ ഒന്നുമില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും എടുക്കാനാണ് പൊലീസ് തീരുമാനം. ഭാര്യയുടെയും മക്കളുടെയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിര്‍ണായകമാണെന്നും പൊലീസ് പറഞ്ഞു. മരണത്തിലെ ദുരൂഹത നീക്കാന്‍ രാസപരിശോധന ഫലം ലഭിക്കണം.അന്വേഷണം നടക്കട്ടെ അന്വേഷണവുമായി സഹകരിക്കുമെന്നും പരാതിക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മകന്‍ സനന്ദന്‍ പറഞ്ഞു.
ഗോപന്‍ സ്വാമിക്ക് പുതിയ സമാധി സ്ഥലം ഒരുക്കി