കോട്ടയം : സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്റെ ആത്മകഥാ ഭാഗങ്ങള്ചോര്ന്നതിന്റെ പേരില്‍ ഡിസി ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ എ വി ശ്രീകുമാറിനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ ശ്രീകുമാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതമെന്ന പേരില്‍ ആത്മകഥാ ഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് പുറത്തുവന്നതെന്ന്് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വിവാദത്തെ തുടര്‍ന്ന് എ.വി ശ്രീകുമാറിനെ ഡി.സി. ബുക്സ് നേരത്തേ സസ്പെന്റ് ചെയ്തിരുന്നു.
കേസില്‍ ഡിസി ബുക്സ് ഉടമ രവി ഡിസി അടക്കമുള്ളവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ ശ്രീകുമാര്‍, രവി ഡിസി തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ആത്മകഥാ ഭാഗം ചോര്‍ന്നതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ പൊലീസ് അന്വേഷിച്ചു വരികയാണ്.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ആത്മകഥാഭാഗങ്ങള്‍ പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന് തുടങ്ങിയവരെ വിമര്‍ശിക്കുന്ന ഭാഗം വിവാദമായിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്സ് പബ്ലിക്കേഷന്‍സ് മുന്‍ ഡയറക്ടര്‍ അറസ്റ്റില്‍