കൊച്ചി: ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന ബോബിക്ക് വീണ്ടും കുരുക്ക്. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് പ്രതിഭാഗം അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയും ഉച്ചക്ക് ശേഷം 3.30ന് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല.ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന തടവുകാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജയിലിൽത്തുടരുകയാണെന്നാണ് ഇന്നലെ ജയിലിലെത്തിയ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. ഇതേത്തുടർന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകർ മടങ്ങി
സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങി. ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു അഭിഭാഷകരുടെ വാദം.
ജയിലിന് പുറത്തെത്തിയ ബോബി ഇക്കാര്യം ആവര്‍ത്തിച്ചു. അത് കോടതി അലക്ഷ്യമല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ബോബി തയ്യാറായില്ല. ബോബിയെ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അനുവദിക്കാതെ അഭിഭാഷകര്‍ കൂട്ടിക്കൊണ്ടുപോയി.
കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. രാത്രി ഏഴരവരെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള സമയം അനുവദിച്ചത്. ബോബി ജയില്‍മോചിതനാകുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിനാളുകള്‍ ജയില്‍ക്കവാടത്തിന് മുന്നില്‍ എത്തിയിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു.
പ്രതിഭാഗത്തിന്റെ ഈ നടപടികളില്‍ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് കേസ് വീണ്ടും പരിഗണനയ്ക്കെടുത്തു. ബുധനാഴ്ച രാവിലെ 10.15-ഓടെ ബോബിയുടെ അഭിഭാഷകരോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോബിയെ തിരക്കിട്ട് ജയിലിന് പുറത്തെത്തിച്ചത്.
ജാമ്യം ലഭിച്ചിട്ടും ജയില്‍മോചിതനാകാന്‍ തയ്യാറായാവാത്ത
ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്