ലഹരിക്കെതിരെ ഫുട്ബാള്‍; മുക്കം ഉപജില്ലാ ഫുട്ബോളിന്റെ ഫിക്സ്ചര്‍ പ്രകാശനം ചെയ്തു

ലഹരിക്കെതിരെ ഫുട്ബാള്‍; മുക്കം ഉപജില്ലാ ഫുട്ബോളിന്റെ ഫിക്സ്ചര്‍ പ്രകാശനം ചെയ്തു

മുക്കം: ‘ലഹരിക്കെതിരെ ഫുട്ബാള്‍: ആരോഗ്യമുള്ള ശരീരം, ലഹരിമുക്ത ജീവിതം’ എന്ന സന്ദേശത്തില്‍ 18ന് കക്കാട് തൂക്കുപാലത്തിനടുത്തുള്ള മംഗലശ്ശേരി മൈതാനിയില്‍ നടക്കുന്ന മുക്കം ഉപജില്ലാ രണ്ടാമത് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫിക്സ്ചര്‍ പ്രകാശനം ചെയ്തു.

പ്രശസ്ത കളിയെഴുത്തുകാരന്‍ കമാല്‍ വരദൂര്‍, നാഷണല്‍ റഫറിയും റിട്ട. പ്രധാനാധ്യാപകനുമായ സി.ടി ഗഫൂര്‍ മാഷിന് (കൊടിയത്തൂര്‍) നല്‍കിയാണ് ഫിക്സ്ചര്‍ പ്രകാശനം ചെയ്തത്. സ്‌കൂള്‍ അക്കാദമിക് ഡയറിയുടെ സമര്‍പ്പണവും കമാല്‍ വരദൂര്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ് ഏറ്റുവാങ്ങി.

കക്കാട് ജി.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. അന്തരിച്ച സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ പേരിലുള്ള ചന്ദ്രിക സ്പെഷ്യല്‍ പതിപ്പും കമാല്‍ വരദൂര്‍ സ്‌കൂള്‍ ലൈബ്രറിക്ക് സമര്‍പ്പിച്ചു. ലഹരിയുടെ വിപത്തും പുതിയ കാലത്തെ ചതിക്കുഴികളും കുട്ടികളെ ഉണര്‍ത്തിയ അദ്ദേഹം, ലോകഫുട്ബോളില്‍ നിറഞ്ഞുനില്‍ക്കുന്ന കുട്ടികളുടെ ഇഷ്ടതാരങ്ങളുടെ ജീവിതകഥകള്‍ പറഞ്ഞു. അറിവും കൗതുകവും നിറഞ്ഞുനിന്ന മുഖാമുഖത്തില്‍ കുട്ടികളുടെ വിവിധ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

പി സാദിഖലി മാസ്റ്റര്‍, അസി.എച്ച്.എം ജി ഷംസു മാസ്റ്റര്‍, സംഘാടകസമിതി കണ്‍വീനര്‍ ഷാക്കിര്‍ പാലിയില്‍, സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് മാസ്റ്റര്‍, റഹീം മാസ്റ്റര്‍ നെല്ലിക്കപറമ്പ്, അധ്യാപികമാരായ വിജില പേരാമ്പ്ര, ഗീതു മുക്കം, പി ഫസീല വെള്ളലശ്ശേരി, ഫര്‍സാന വടകര, റജുല, ഷീബ എം, വിപിന്യ, ഹന്‍ഫ, സ്‌കൂള്‍ സ്റ്റാഫ് സലീന മഞ്ചറ, തസ്ലീന സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌കൂളില്‍ നടന്ന രക്ഷാകര്‍തൃ മീറ്റിംഗില്‍ എഫക്ടീവ് പാരന്റിംഗ് എന്ന വിഷയത്തില്‍ മോട്ടിവേറ്റര്‍ ഹമീദ് ചൂലൂര്‍ ക്ലാസെടുത്തു. കുട്ടികളുടെ പഠനത്തിലും വളര്‍ച്ചയിലും രക്ഷിതാക്കള്‍ പ്രത്യേകം മനസ്സിരുത്തേണ്ട പുതിയകാല പ്രവണതകളും കുടുംബാന്തരീക്ഷം മനോഹരമാക്കാന്‍ ആവശ്യമായ കാര്യങ്ങളിലും ഊന്നല്‍ നല്‍കിയുള്ളതായിരുന്നു ക്ലാസ്.

ശനിയാഴ്ചയാണ് ലഹരിക്കെതിരേ ഫുട്ബോള്‍ എന്ന പ്രമേയത്തിലൂന്നിയുള്ള ഏകദിന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്. മുക്കം ഉപജില്ലയിലെ കരുത്തരായ ടീമുകള്‍ മാറ്റുരക്കുന്ന മത്സരം രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചയോടെ സമാപിക്കുംവിധമാണ് ക്രമീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ ജി.എം.യു.പി സ്‌കൂള്‍ ചേന്ദമംഗല്ലൂര്‍, റണ്ണേഴ്സായ എച്ച്.എന്‍.സി.കെ സ്‌കൂള്‍ കാരശ്ശേരി, ആതിഥേയരായ ജി.എല്‍.പി.എസ് കക്കാട് എന്നി ടീമുകള്‍ക്കു പുറമെ ആദ്യം പേര് രജിസ്റ്റര്‍ ചെയ്ത ജി.യു.പി.എസ് മണാശ്ശേരി, ജി.എം.യു.പി സ്‌കൂള്‍ കൊടിയത്തൂര്‍, എ.യു.പി സ്‌കൂള്‍ സൗത്ത് കൊടിയത്തൂര്‍, ജി.എല്‍.പി.എസ് കൂമാരനല്ലൂര്‍, ജി.എല്‍.പി.എസ് പന്നിക്കോട് തുടങ്ങിയ ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുക.

മുക്കത്തെ കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനമാണ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്കും റണ്ണേഴ്സിനുമുള്ള ട്രോഫികള്‍ സ്പോണ്‍സര്‍ ചെയ്തിട്ടുള്ളത്. വിജയികള്‍ക്കുള്ള 5001 രൂപയുടെ പ്രൈസ് മണി റസാസ് ഫുഡ് പ്രൊഡക്ട് കമ്പനിയും റണ്ണേഴ്സിനുള്ള 3001 രൂപയുടെ പ്രൈസ് മണി മുക്കത്തെ ചാലിയാര്‍ ഏജന്‍സീസുമാണ് സമ്മാനിക്കുക. മത്സരത്തിലെ വിവിധ വ്യക്തിഗത ട്രോഫികളും മെഡലുകളും സോയോ ബാത്ത് വെയറും ഗ്രൗണ്ട് സീറോ സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് ഹബ്ബുമാണ് സമ്മാനിക്കുക.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍, ഏറ്റവും മികച്ച സ്റ്റോപ്പര്‍ ബാക്ക്, മികച്ച ഗോള്‍ക്കീപ്പര്‍, ടോപ് സ്‌കോറര്‍ എന്നിവര്‍ക്കുള്ള ട്രോഫികളും പ്രാഥമിക റൗണ്ടിലെ മാന്‍ ഓഫ് ദി മാച്ചിനും ട്രോഫികളുണ്ടാവും. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം മാനേജര്‍ക്കും സമാപന ചടങ്ങില്‍ പ്രത്യേക ഉപഹാരം സമ്മാനിക്കും. കൂടാതെ മത്സരത്തില്‍ പരാജയപ്പെടുന്ന ടീം അംഗങ്ങള്‍ക്കെല്ലാം മെഡലുകളും സമ്മാനിക്കും.

പാഠ്യപഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ജി.എല്‍.പി സ്‌കൂളിന്റെ 67-ാം വാര്‍ഷികാഘോഷവും എന്‍ഡോവ്മെന്റ് സമര്‍പ്പണവും തിളക്കം 2025 ഈമാസം 24ന് നടക്കും.

പഠന-പഠനാനുബന്ധ പ്രവര്‍ത്തകനങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അരലക്ഷം രൂപയുടെ എന്‍ഡോവ്മെന്റ് സമര്‍പ്പണം ചടങ്ങില്‍ നടക്കും. നാടിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച പ്രമുഖ വ്യക്തികളുടെ പേരില്‍ വിവിധ കുടുംബങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന അയ്യായിരം രൂപ വിതമുള്ള വിവിധ എന്‍ഡോവ്മെന്റുകള്‍ കുടുംബ പ്രതിനിധികള്‍ ചടങ്ങില്‍ കുട്ടികള്‍ക്ക് സമ്മാനിക്കും. ശുചിത്വത്തിനുള്ള ഏറ്റവും മികച്ച ക്ലാസിനുള്ള അയ്യായിരം രൂപയുടെ പഠനോപകരണങ്ങളും സമ്മാനിക്കും.

വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ച് പ്രീപ്രൈമറി, എല്‍.പി വിഭാഗങ്ങളിലായി ഒപ്പന മത്സരം 25ന് നടക്കും. ഒപ്പന ഫെസ്റ്റിലെ വിജയികള്‍ക്ക് സമാപന ചടങ്ങില്‍ പ്രൈസ് മണി നല്‍കും.

 

 

ലഹരിക്കെതിരെ ഫുട്ബാള്‍; മുക്കം ഉപജില്ലാ ഫുട്ബോളിന്റെ ഫിക്സ്ചര്‍ പ്രകാശനം ചെയ്തു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *