കൊച്ചി: നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂരിനെതിരെ രോഷത്തോടെ ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂര്‍ മുതിര്‍ന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്നും ബോബി നിയമത്തിനു മുകളിലാണോ എന്നും കോടതി ചോദിച്ചു.
ബോച്ചെ ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് പരിശോധിക്കണം. അതോ റിമാന്‍ഡ് പ്രതികള്‍ക്ക് വേണ്ടി ആണു താന്‍ അകത്ത് തുടര്‍ന്നത് എന്ന് പറഞ്ഞോ എന്നും പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ, വേണ്ടി വന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം ക്യാന്‍സല്‍ ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുത്. കഥമെനയാന്‍ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കഴിയുമെന്നും കോടതി പറഞ്ഞിരുന്നു. കേസ് ഉച്ചക്ക് 12 മണിയോടെ വീണ്ടും പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന് ഭയന്ന് ജയിലിന് പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടരുന്നതില്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളില്‍ ബോബി പുറത്തിറങ്ങാന്‍ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന് മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ബോബിയുടെ അഭിഭാഷകര്‍ ജയിലിലെത്തി രേഖകള്‍ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.
ജുഡീഷ്യറിയോട് യുദ്ധം കളിക്കേണ്ട, ബോബി മാപ്പു പറയണം;
കടുപ്പിച്ച് ഹൈക്കോടതി