കൊച്ചി: ജാമ്യ ഉത്തരവിന് ശേഷമുണ്ടായ നാടകീയസംഭവങ്ങളില്‍ കോടതിയില്‍ മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂര്‍. കോടതിയോട് കളിക്കാനില്ലെന്നും താന്‍ അങ്ങനെയൊരാളല്ലെന്നും കോടതിയോട് എന്നും ബഹുമാനം മാത്രമാണെന്നും നാടകം കളിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ അഭിഭാഷകനിലൂടെ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു..കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ മുന്‍പിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ക്ഷമാപണം നടത്തിയത്. ഇതോടെ ക്ഷമാപണം സ്വീകരിച്ച കോടതി, ഈ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.കോടതിയോട് യുദ്ധം വേണ്ടെന്നായിരുന്നു ഹൈക്കോടതി ബോബിയുടെ അഭിഭാഷകനോട് പറഞ്ഞത്. ഒളിമ്പിക്സ് മെഡല്‍ കിട്ടിയപോലെയാണ് ബോബി ചെമ്മണൂര്‍ പെരുമാറിയതെന്നും ഹൈക്കോടതി പറഞ്ഞു.
ജാമ്യം കിട്ടിയ ശേഷം ഇന്നലെ ഇറങ്ങാനുള്ള സാഹചര്യങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. എന്തോ സങ്കേതിക ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞത്. ഇന്ന് രാവിലെയാണ് പേപ്പറുകളെല്ലാം എത്തിയത്. അല്ലാതെ ജയിലില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ വേണ്ടി അവിടെ തങ്ങിയതല്ലെന്നും എന്നാല്‍, സഹായിക്കാന്‍ തയ്യാറാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
ജാമ്യം കിട്ടിയിട്ടും ജാമ്യത്തുക കെട്ടിവെക്കാന്‍ ഇല്ലാത്തതുകൊണ്ട് ഇറങ്ങാന്‍ കഴിയാതെ നിരവധി പേര്‍ അവിടെയുണ്ട്. അവരുടെ വിഷമങ്ങളെല്ലാം കേട്ടു. പക്ഷെ, ആ പ്രശ്നം പരിഹരിക്കാനല്ല അവിടെ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാര്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍ ബോച്ചെ ട്രസ്റ്റ് വഴി പണം മാറ്റിവെച്ചിട്ടുണ്ട്. ആരെയും മനഃപൂര്‍വം വിഷമിപ്പിക്കാന്‍ ഒന്നും പറയാറില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് മാപ്പ് ചോദിക്കും. നിയമവ്യവസ്ഥയെ അംഗീകരിക്കുന്ന ആളാണ് താനെന്നും ചെമ്മണൂര്‍ പറഞ്ഞു.
ജയിലിന് പുറത്ത് ആരോടും വരരുതെന്ന് ബോച്ചെ ഫാന്‍സിന്റെ എല്ലാ ജില്ലാഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അവരാരും എത്തിയിട്ടുമില്ല. പിന്നെ ആരെല്ലാമാണ് പുറത്ത് വന്നതെന്നറിയില്ല. അവിടെ വന്നവരുമായൊന്നും തനിക്ക് ഒരു ബന്ധവുമില്ലെന്നും ബോബി വ്യക്തമാക്കി. കോടതി നിര്‍ദേശമനുസരിച്ച് ഭാവിയില്‍ സംസാരിക്കുമ്പോള്‍ വാക്കുകളില്‍ ശ്രദ്ധിക്കും. വിവാദം ബിസിനസിനെ ബാധിച്ചിട്ടില്ലെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.