ബോബിക്ക് ജാമ്യം

ബോബിക്ക് ജാമ്യം

കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമര്‍ശ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം നല്‍കി ഹൈക്കോടതി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

കാക്കനാട് ജയിലില്‍ ബോബി ചെമ്മണൂര്‍ അറസ്റ്റ് ചെയ്യപ്പെട്ട് ആറാംനാളാണ് പുറത്തേക്ക് വരുന്നത്.ഹണിറോസിനെതിരായി ജാമ്യഹര്‍ജിയില്‍ പറഞ്ഞകാര്യങ്ങള്‍ ബോബി ചെമ്മണൂര്‍ പിന്‍വലിച്ചിരുന്നു.. ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ബോബി ചെമ്മണൂര്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജി വായിക്കുമ്പോള്‍ത്തന്നെ ബോബി ചെമ്മണൂര്‍ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഈ പരാമര്‍ശങ്ങളെല്ലാം പിന്‍വലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയെ അറിയിച്ചു.

ഈ കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് കോടതി വിലയിരുത്തി. കൂടാതെ മൂന്നുവര്‍ഷം മാത്രം ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് ആറുദിവസമായി ജയിലില്‍ തുടരുന്ന ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റുതടസങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.

ബോബി ചെമ്മണൂര്‍ നടത്തിയത് ദ്വയാര്‍ത്ഥ പ്രയോഗമാണെന്ന് കോടതി തുറന്നുപറഞ്ഞു. ഇതൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട കാര്യങ്ങളല്ല. ഇത്തരം പ്രവര്‍ത്തികളോട് ഒരുതരത്തിലുമുള്ള യോജിപ്പില്ല. ബോബിയെ ചടങ്ങില്‍ എതിര്‍ക്കാതിരുന്നത് അവരുടെ മാന്യത കൊണ്ടാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹണി റോസിനെ മോശമാക്കാന്‍ ബോബി ബോധപൂര്‍വം ശ്രമിച്ചെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. അദ്ദേഹം തുടര്‍ച്ചയായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി. ബോബിയുടെ ശിക്ഷ സമൂഹത്തിന് സന്ദേശമാകണം. കുന്തി ദേവി പ്രയോഗം തെറ്റായ ഉദ്ദേശത്തോടെയാണ് ബോബി നടത്തിയത്. ബോബി ചെമ്മണൂരിന്റെ റിമാന്‍ഡിലൂടെ സമൂഹത്തിന് വ്യക്തമായ സന്ദേശം ലഭിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

 

 

 

ബോബിക്ക് ജാമ്യം

Share

Leave a Reply

Your email address will not be published. Required fields are marked *