മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറിനെ കണ്ട് രാവിലെ 9.30 യോടെ അന്‍വര്‍ രാജിക്കത്ത് കൈമാറി. സ്പീക്കറെ കണ്ട ശേഷം പി വി അന്‍വര്‍ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ നിര്‍ണായക നീക്കം.എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്.
രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. നിയമസഭയില്‍ എത്താന്‍ സഹായിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു. രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയില്‍ മുഖേന അറിയിച്ചിരുന്നു. കേരളം നേരിടുന്ന പ്രധാന പ്രശ്‌നം വന്യജീവി പ്രശ്‌നത്തില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്ന് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി സഹകരിച്ച് പോയാല്‍ ദേശീയ തലത്തില്‍ പ്രശ്നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നല്‍കി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം. അതിന് വേണ്ടിയാണ് രാജിയെന്നും രാജിക്ക് നിര്‍ദേശിച്ചത് മമതയാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരില്‍ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അന്‍വറിന്റെ നീക്കം. അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല.
കോണ്‍ഗ്രസും ലീഗുമായി കൂടിയാലോചനകള്‍ നടന്നെങ്കിലും അന്‍വറിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പന്നീടാണ് അന്‍വര്‍ ത്രിണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.നിലമ്പൂര്‍ വനം നോര്‍ത്ത് ഡിഎഫ്ഒ ഓഫീസ് ആക്രമണക്കേസില്‍ പി.വി.അന്‍വറിനെ അറസ്റ്റു ചെയ്തു ജയിലിലാക്കിയെങ്കിലും അന്‍വര്‍ ജയില്‍ മോചിതനായി.
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു
ഇനി പ്രവര്‍ത്തനം തൃണമൂല്‍ കോണ്‍ഗ്രസില്‍