തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിനടുത്ത് കീഴെക്കാട്ടുവിള ഗ്രാമത്തില്‍ ജനിച്ച വി.നാരായണന്‍ ഐ എസ് ആര്‍ ഒയുടെ തലപ്പത്തെത്തുമ്പോള്‍ രാജ്യത്തിനിത് അഭിമാന നിമിഷമാണ്. വളരെ പിന്നോക്കം നിന്ന വിദ്യാഭ്യാസ സാഹചര്യങ്ങളില്‍ നിന്ന് പഠിച്ച് മിടുക്കനായി വളര്‍ന്ന് വന്ന ചരിത്രമാണ് വി.നാരായണന്റേത്. ഒരു കുഗ്രാമത്തിലിരുന്ന് മാനത്തേക്ക് കൗതുകത്തോടെ നോക്കിയ ആ കുട്ടി, രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളുടെ വിജയഗാഥ രചിക്കാന്‍ ഇന്ന് ബഹിരാകാശത്തേക്ക് മിഴികള്‍ നട്ടിരിക്കുകയാണ്.
1960 കളിലെ ഇന്ത്യന്‍ ഗ്രാമങ്ങളുടെ അവസ്ഥ വിവരണാതീതമാണ്. അത്തരമൊരു ഗ്രാമത്തില്‍ നിന്ന് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരുന്ന് പഠിച്ച ആ കുട്ടിയാണ് ഇന്ന് ശാസ്ത്ര ലോകത്ത് ഇന്ത്യയെ നയിക്കുന്നതെന്നത് ഏറെ അഭിമാനകരം തന്നെയാണ്. മകനെ പഠിപ്പിച്ച് വലിയവനാക്കണമെന്ന, ചെറുകിട തേങ്ങാ വ്യാപാരിയായിരുന്ന സി.വന്നിയ പെരുമാളിന്റെയും അമ്മയായ എസ്.തങ്കമ്മാളിന്റെയും ആഗ്രഹം അക്ഷരാര്‍ത്ഥത്തില്‍ ജീവിതം കൊണ്ട് രേഖപ്പെടുത്തുന്നതും പുതു തലമുറയ്ക്ക് എന്നും മാതൃകയാണ്. സ്വന്തം പഠനത്തോടൊപ്പം ജോലി ചെയ്തും അദ്ദേഹം കുടുംബത്തിന് കൈതാങ്ങായി. സ്വന്തം വഴി തിരിച്ചറിയുകയും 1984 ഫെബ്രുവരി 1ന് തിരുവനന്തപുരത്ത് ഐ എസ് ആര്‍ ഒയില്‍, വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (വി എസ് എസ് സി) ടെക്‌നിക്കല്‍ അസിസ്റ്റന്റായി നാരായണന്‍ ജോയിന്‍ ചെയ്തു. പിന്നീടാണ് അദ്ദേഹം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടുകയും ഐ എസ് ആര്‍ ഒയില്‍ എഞ്ചിനീയറാവുകയും ചെയ്തത്.
1990ല്‍ ഏപ്രില്‍ 23നാണ് തിരുവനന്തപുരത്ത് വലിയ മലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലേക്ക് (എല്‍പിഎസ് സി) അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിക്കുന്നത്. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന എന്‍ജിനുകളുടെ ഈ ലോകത്തെത്തിയതോടെ രാജ്യത്തെ ക്രയോജനിക് മേഖലയില്‍ ഇദ്ദേഹം പ്രഗല്‍ഭനായി മാറി. ക്രയോജനിക് റോക്കറ്റ് എഞ്ചിന്‍ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിരുന്നു. രാജ്യത്ത് ക്രയോജനിക് എഞ്ചിന്‍ വികസിപ്പിക്കുന്ന സംഘത്തോടൊപ്പം തുടക്കം മുതല്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനവസരം ലഭിച്ചു. പിന്നീടദ്ദേഹം പ്രൊജക്ട് ഡയറക്ടറായി 6 വര്‍ഷം സേവനമനുഷ്ഠിച്ചു. ഇന്ത്യ ഇതുവരെ വികസിപ്പിച്ചെടുത്ത റോക്കറ്റ് എഞ്ചിനുകളുടെയൊക്കെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നീണ്ട 41 ലര്‍ഷക്കാലമായി ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ ഡോ.വി.നാരായണനായിട്ടുണ്ട്. ക്രയോജനിക് സാങ്കേതിക വിദ്യ കൈവരിച്ച ലോകത്തിലെ 6 രാജ്യങ്ങളില്‍ ഒന്നാണ് ഇന്നിന്ത്യ. ഐഎസ്ആര്‍ഒ വലിയ ബഹിരാകാശ ദൗത്യങ്ങളിലാണിന്ന്. ഇതിന് നേതൃത്വം കൊടുക്കാന്‍ ഡോ.വി.നാരായണന്റെ സ്ഥാന ലബ്ധി സഹായകരമാവുക തന്നെ ചെയ്യും.