തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധിയില്‍ സമാധി സ്ഥലമെന്ന പേരില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാന്‍ കലക്ടറുടെ ഉത്തരവ്. ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ (78) സമാധി സബ് കലക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിധ്യത്തില്‍ ഇന്നു തുറന്നു പരിശോധിക്കും. സബ് കലക്ടര്‍ സ്ഥലം പരിശോധിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി മരിച്ചത്. ‘ഗോപന്‍ സ്വാമി സമാധിയായി’ എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ മതിലുകളില്‍ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിയുന്നത്. എന്നാല്‍ ഗോപന്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നുവെന്നാണു ബന്ധു പൊലീസിനു നല്‍കിയ മൊഴി. ഗോപന്‍ സ്വാമിയുടേത് കൊലപാതകമാണെന്നാണു നാട്ടുകാരുടെ ആരോപണം.
രാവിലെ 11 മണിയോടെ ഗോപന്‍ സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകന്‍ രാജസേനന്റെ മൊഴി. സമാധി ആകാന്‍ പോകുന്ന കാര്യം പിതാവ് മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നും സമാധിയാകുന്ന വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാന്‍ പാടില്ലെന്നും കുടുംബം പറയുന്നു. ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തെയോ അറിയിക്കാതെ, മണ്ഡപം കെട്ടി ഗോപന്റെ ഭൗതികശരീരം പീഠത്തിലിരുത്തി സ്ളാബിട്ടു മൂടിയെന്നാണു നാട്ടുകാര്‍ പറയുന്നത്. പോസ്റ്റര്‍ കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ച് കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
ധ്യാനത്തിന് ഇരിക്കുന്നതുപോലെ പോലെ ഇരിക്കുന്നതിനിടെയാണ് ഗോപന്‍ സ്വാമി സമാധിയായതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സുലോചന മാധ്യമങ്ങളോട് പറഞ്ഞത്. ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിര്‍ന്നിരുന്നു. ആച്ഛന്‍ സമാധിയായെന്ന് മോന്‍ പരഞ്ഞതായും സുലോചന പറഞ്ഞു. തന്റെ കല്യാണത്തിന് മുമ്പെ അദ്ദേഹത്തിന് ധ്യാനമുണ്ടായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.