തൃശൂര്‍: മലയാളികളുടെ ഭാവഗായകന് പി. ജയചന്ദ്രന്റെ (80) മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് പൂങ്കുന്നത്തെ വീട്ടിലെത്തി. പൂങ്കുന്നത്തെ ചക്കാമുക്ക്, തോട്ടേക്കാട് ലൈന്‍ തറവാട് വീട്ടിലാണ് (മണ്ണത്ത് ഹൗസ്) മൃതദേഹം എത്തിച്ചത്. രാവിലെ പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ സംഗീതനാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പറവൂര്‍ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകള്‍ നടക്കും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ വിയോഗമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
ഗവര്‍ണര്‍, മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന് ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രന് വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതില്‍ അസാമാന്യമായ സംഭാവനകള്‍ നല്കിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവര്‍ന്ന നാദവിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീതലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേര്‍പാട് കൊണ്ട് ഉണ്ടായിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പി. ജയചന്ദ്രന് പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്കാരവും ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.
ഭാര്യ ലളിത. മകള്‍ ലക്ഷ്മി. മകന് ഗായകന് കൂടിയായ ദിനനാഥന്.
ഭാവഗായകന് പി.ജയചന്ദ്രന് ആദരാഞ്ജലിയര്‍പ്പിച്ച് സംഗീത ലോകം