ആലപ്പുഴ: വിഭാഗീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ‘സഖാക്കള്‍ക്ക്’ഏതെങ്കിലും നേതാവിന്റെ പിന്തുണ ലഭിക്കുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണരായി വിജയന്. ജില്ലയിലെ സി.പി.എം. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ജില്ലയിലെ സി.പി.എമ്മില്‍ ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്നും പിണറായി ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു.പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം ഉള്‍പാര്‍ട്ടി ചര്‍ച്ചയ്ക്ക് മുമ്പായി പ്രതിനിധികളോട് സംസാരിക്കുമ്പോഴായിരുന്നു പിണറായിയുടെ മുന്നറിയിപ്പ്.
ചില നേതാക്കള്‍ സ്വന്തമായി ഒരു തുരുത്തായി മാറി താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന വിലയിരുത്തല്‍ സി.പി.എമ്മിനുണ്ട്. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വിഭാഗീയതയുമായി മുന്നോട്ടുപോകുന്ന പ്രവര്‍ത്തകര്‍ക്ക് നേതാക്കളുടെ പിന്തുണ ഒരു കോണില്‍നിന്നും ലഭിക്കില്ലെന്നായിരുന്നു പിണറായി വിജയന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ടുചോര്‍ന്നു എന്ന കാര്യം സംഘടനാ തലത്തില്‍ പരിശോധന നടത്തുന്നതില്‍ പാര്‍ട്ടി വീഴ്ച പറ്റിയെന്നും പിണറായി പറഞ്ഞു.