ഭാവഗായകന് വിട

ഭാവഗായകന് വിട

എഡിറ്റോറിയല്‍

 

                മലയാളികളെ സംഗീതത്തിലാറാടിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന് വിട. ആറ് പതിറ്റാണ്ടായി മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിച്ച നിരവധി പാട്ടുകളാണ് പി.ജയചന്ദ്രനെന്ന അനശ്വര ഗായകന്‍ ആലപിച്ചത്. ആയിരക്കണക്കിന് ഗാനങ്ങളാണ് അദ്ദേഹം മലയാളിക്കായി സമ്മാനിച്ചത്. മലയാള ചലച്ചിത്രലോകം സര്‍ഗ്ഗാത്മകമായി പൂത്തുലഞ്ഞ ഒരു കാലത്താണ് പി.ജയചന്ദ്രന്റെ കടന്നു വരവ്. 1944 മാര്‍ച്ച് 3-ാം തിയതി എറണാകുളത്തെ രവിപുരത്ത് ഭദ്രാലയത്തില്‍ല്‍ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്ര കുഞ്ഞമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായിട്ടായിരുന്നു പാലയത്ത് ജയചന്ദ്രന്‍ കുട്ടന്‍ എന്ന ജയചന്ദ്രന്റെ ജനനം. കുട്ടിക്കാലത്തു തന്നെ സംഗീതത്തോട് ഭ്രമമുണ്ടായിരുന്നു. അമ്മ തന്നെയായിരുന്നു ആദ്യ ഗുരു. അതി പ്രഗത്ഭരായ സംഗീത സംവിധായകര്‍ അരങ്ങ് നിറഞ്ഞ് നിന്നൊരു കാലത്ത് മലയാളി എക്കാലവും ഓര്‍ത്തുവെക്കുന്ന അനശ്വര ഗാനങ്ങളാണ് പിറന്നു വീണത്. അത്തരം ഗാനങ്ങള്‍ പി.ജയചന്ദ്രന്റെ അതിമധുര ശബ്ദത്തിലൂടെ മലയാളിയുടെഹൃദയത്തില്‍ സംഗീതത്തിന്റെ പൂ മഴ പെയ്യിച്ചു. 1965ല്‍ കുഞ്ഞാലി മരയ്ക്കാര്‍ സിനിമയിലെ മുല്ലപ്പൂ മാലയുമായി എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് അദ്ദേഹത്തിന്റെ കടന്നു വരവ്. 1966ല്‍ കളിത്തോഴന്‍ എന്ന ചിത്രത്തിന് ഭാസ്‌ക്കരന്‍മാഷ് എഴുതിയ മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി എന്ന ഗാനത്തിന് ശബ്ദം നല്‍കിയതോടെയാണ് കേരളീയ സമൂഹം ഈ ഗായകനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ആറു പതിറ്റാണ്ടായി ആയിരക്കണക്കിന് സ്വരമാധുരികളാണ് അദ്ദേഹം നമുക്കായി സമ്മാനിച്ചത്. അനുരാഗ ഗാനംപോലെ, നീലഗിരിയുടെ സഖികളേ, സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ്പം, കരിമുകില്‍ കാട്ടിലേ, സുപ്രഭാതം, രാഗം ശ്രീ രാഗം, കണ്ണും നട്ട് കാത്തിരുന്നിട്ടും അങ്ങനെ ഒട്ടനവധി പ്രിയ ഗാനങ്ങളാണ് അദ്ദേഹം നമുക്കായി ആലപിച്ചത്. പാട്ടിന്റെ ഭാവം സ്വരത്തിലൂടെ പ്രേക്ഷകന് അനുഭവ ഭേദ്യമാക്കിയ ഗായകനായിരുന്നു അദ്ദേഹം.

മലയാളത്തിലെ പ്രമുഖ സംഗീതജ്ഞരായിരുന്ന ദക്ഷിണമൂര്‍ത്തി സ്വാമിയും, അര്‍ജുനന്‍മാസ്റ്ററും, ശ്രീകുമാരന്‍ തമ്പിയുമെല്ലാം അവരുടെ പാട്ടുകള്‍ പി.ജയചന്ദ്രന്‍ തന്നെ പാടണമെന്ന താല്‍പ്പര്യക്കാരായിരുന്നു. പാട്ടെഴുതുന്നയാളിന്റെ മനസിലുള്ളത് തിരിച്ചറിഞ്ഞ് പാടാനുള്ള കഴിവാണ് ഇതിനടിസ്ഥാനം. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം, 5 തവണ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും, 4 തവണ തമിഴ്‌നാട് സര്‍്ക്കാര്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
കാലം മായ്ച്ചാലും മലയാളിയുള്ള കാലത്തോളം നിലനില്‍ക്കുന്ന നാദമാണ് പി.ജയചന്ദ്രന്റേത്. ആ നാദം നിലയ്ക്കുന്നില്ല അതിനിയും മലയാളികളുടെ മനസില്‍ പാടിക്കൊണ്ടേയിരിക്കും. പ്രിയ ഭാവഗായകാ അങ്ങേക്ക് പീപ്പിള്‍സ് റിവ്യൂവിന്റെ ആദരാജ്ഞലികള്‍.

ഭാവഗായകന് വിട

Share

Leave a Reply

Your email address will not be published. Required fields are marked *